
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ കിരാനാ കുന്നിലെ ആണവ കേന്ദ്രത്തിനുനേരെ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്ന് വ്യോമയാന വിദഗ്‌ദ്ധൻ ടോം കൂപ്പർ. ഗത്യന്തരമില്ലാതെ പാകിസ്ഥാൻ ഇന്ത്യയോട് വെടിനിറുത്തലിന് അപേക്ഷിക്കേണ്ടിവന്നത് ഈ പ്രഹരത്താലാണ്. ഓപ്പറേഷൻ സിന്ദൂറിനിടെ ഈ വിവരം പുറത്തുവന്നെങ്കിലും ആണവ കേന്ദ്രം ആക്രമിച്ചുയെന്നത് ഇന്ത്യൻ വ്യോമസേന നിഷേധിച്ചിരുന്നു. ആണവായുധങ്ങളുടെ ശേഖരമുള്ള കിരാനാ കുന്നിൽ ഇന്ത്യൻ മിസൈൽ പതിച്ചതോടെ പാകിസ്ഥാൻ തകർന്നുവെന്ന് കൂപ്പർ പറയുന്നു. വെടിനിറുത്തലിന് വഴങ്ങിയില്ലെങ്കിൽ ശക്തമായ ആക്രമണമുണ്ടാകുമെന്ന വലിയൊരു സന്ദേശം പാകിസ്ഥാന് ലഭിച്ചു. പാകിസ്ഥാൻ യു.എസ് വഴി മദ്ധ്യസ്ഥതയ്‌ക്ക് ശ്രമിച്ചു. വെടിനിർറുത്തലിന് വഴങ്ങി. നാട്ടുകാർ ചിത്രീകരിച്ച ചില മൊബൈൽ വീഡിയോകളിൽ മിസൈലുകൾ കുന്നിൻചെരുവിൽ ഇടിക്കുന്നത് വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാക് വ്യോമസേനയുടെ 4091-ാം സ്ക്വാഡൺ ആസ്ഥാനത്തെ റഡാർ സ്റ്റേഷനിൽ നിന്ന് ഉയർന്ന പുക ദൃശ്യവും പുറത്തുവന്നു. ഇന്ത്യൻ വ്യോമസേന ആദ്യം റഡാർ സ്റ്റേഷനുകൾ ആക്രമിച്ചു. പിന്നീട് ഭൂഗർഭ സംഭരണ സൗകര്യങ്ങളിലേക്കുള്ള രണ്ട് പ്രവേശന കവാടങ്ങൾ തകർത്തു. പാകിസ്ഥാൻ ആണവ പദ്ധതിയുടെ കേന്ദ്രമായ കിരാന കുന്നുകളിൽ 20-24 ആണവ പരീക്ഷണങ്ങൾ നടന്നിട്ടുണ്ടെന്നും കൂപ്പർ വിവരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |