ന്യൂഡൽഹി: ഡോ. ശശി തരൂരിനെ ഐ.ടിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്ത് നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് സമിതി അംഗങ്ങളായ എം.പിമാർ ലോക്സഭാ സ്പീക്കർ ഒാം ബിർളയ്ക്ക് കത്തയച്ചു. രാജ്യസഭാ എം.പിമാരായ ഡോ. അനിൽ അഗർവാൾ (ബി.ജെ.പി), ജോൺ ബ്രിട്ടാസ് (സി.പി.എം), ലോക്സഭാ എം.പിമാരായ കാർത്തി ചിദംബരം (കോൺഗ്രസ്), മഹുവ മൊയ്ത്ര (തൃണമൂൽ), ഡോ. ടി. സുമതി (ഡി.എം.കെ) തുടങ്ങിയവരാണ് കത്തയച്ചത്. ലോക്സഭയുടെ ഇടയ്ക്കുവച്ച് കമ്മിറ്റിയുടെ അദ്ധ്യക്ഷനെ മാറ്റിയത് അസാധാരണമാണെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. ചർച്ചകളിലും ബില്ലുകൾ അവലോകനം ചെയ്യുന്നതിലും അടക്കം കമ്മിറ്റി സജീവമായിരുന്നു. ഡാറ്റാ സ്വകാര്യതയുടെയും മറ്റും വിഷയങ്ങളിൽ കമ്മിറ്റി നിർണായക ഇടപെടലുകളാണ് നടത്തിയത്. ആവിഷ്കാര സ്വാതന്ത്ര്യം അടക്കം വിഷയങ്ങളിൽ കമ്മിറ്റിക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് തരൂരിനെ നിലനിറുത്തണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |