ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നു ദിവസത്തെ സന്ദർശനത്തിന് നാളെ യു.എസിലേക്ക് പോകും. ക്വാഡ് ഉച്ചകോടി, ഉഭയകക്ഷി ചർച്ചകൾ, യു.എൻ സമ്മേളനം എന്നിവയാണ് 23 വരെ നീളുന്ന യാത്രയിലെ പരിപാടികൾ.
മോദി തന്നെ കാണുമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് പറഞ്ഞെങ്കിലും വിദേശ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
വിൽമിംഗ്ടണിൽ ക്വാഡ് ഉച്ചകോടിക്കിടെ മോദി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. മോദി ഐക്യരാഷ്‌ട്രസഭയുടെ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ യു. എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും പങ്കെടുക്കും.
യു. എൻ. പൊതുസഭയുടെ ഉന്നത തല സമ്മേളനത്തിൽ മോദി പങ്കെടുക്കില്ല. പകരം വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും.
ന്യൂയോർക്കിൽ ടെക്‌നോളജി കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തും. 22ന് പ്രവാസികൾ പങ്കെടുക്കുന്ന 'മോദി ആൻഡ് യു എസ്, പ്രോഗ്രസ് ടുഗെദർ’ എന്ന പരിപാടിയുമുണ്ട്. ലോങ് ഐലൻഡിൽ 16,000 സീറ്റുള്ള നസാവു വെറ്ററൻസ് മെമ്മോറിയിൽ കൊളീസിയത്തിലാണ് പരിപാടി. 25,000ത്തിലേറെ പേരാണ് ടിക്കറ്റിന് അപേക്ഷിച്ചിട്ടുള്ളത്.
ട്രംപ് കൂടിക്കാഴ്‌ച അനൗദ്യോഗികം
ട്രംപിനെ മോദി കാണുമെന്നാണ് സൂചന. യു. എസ് തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അനൗദ്യോഗികമായിരിക്കും. കഴിഞ്ഞ ദിവസം ട്രംപ് ഇന്ത്യയെ ഇറക്കുമതി തീരുവ ദുരുപയോഗം ചെയ്യുന്ന രാജ്യമെന്ന് വിശേഷിപ്പിച്ചിരുന്നു. മോദി 'അതിശയിപ്പിക്കുന്ന മനുഷ്യൻ' ആണെന്നും തന്നെ കാണാൻ വരുന്നുണ്ടെന്നും പറഞ്ഞു.
യുക്രെയിൻ മധ്യസ്ഥ ചർച്ച
യു.എൻ ഉച്ചകോടിക്ക് എത്തുന്ന യുക്രേനിയൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയുമായി മോദി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തും. റഷ്യ-യുക്രെയിൻ സംഘർഷം പരിഹരിക്കാനുള്ള സമാധാന ചർച്ചകളുടെ ഭാഗമാണിത്. ഇന്ത്യ മധ്യസ്ഥത വഹിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് പുട്ടിനും നിർദ്ദേശിച്ചിരുന്നു.ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരും വരുമെങ്കിലും മോദിയുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചിട്ടില്ല.
ക്വാഡ് അജണ്ടകൾ:
ഇൻഡോ -പസിഫിക് സംരംഭങ്ങൾ അവലോകനം ചെയ്യും. ഇൻഡോ-പസിഫിക് ഇക്കണോമിക് ഫ്രെയിംവർക്ക് (ഐ.പി.ഇ.എഫ്) കരാർ രേഖകൾ കൈമാറും. വ്യാപാരം സംബന്ധിച്ച യുഎസ് നിർദ്ദേശങ്ങളോട് ഇന്ത്യയ്‌ക്ക് വിയോജിപ്പുണ്ട്. പസിഫിക് സമുദ്ര മേഖലയിലെ ചൈനയുടെ പ്രകോപനം, അന്യായ വ്യാപാര സമ്പ്രദായങ്ങൾ, തായ്‌വാൻ കടലിടുക്കിലെ പിരിമുറുക്കം എന്നിവയും അജണ്ടയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |