ന്യൂഡൽഹി: ഇന്ത്യയിൽ വൻ ഭീകരാക്രമണം നടത്താനുള്ള പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പദ്ധതി പൊളിച്ചടുക്കി ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാനി ചാരനടക്കം രണ്ടുപേർ പിടിയിലായി. നേപ്പാൾ സ്വദേശി അൻസുറുൾ മിയ അൻസാരി, റാഞ്ചി സ്വദേശി അഖ്‌ലഖ് അസം എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെയുളള കുറ്റപത്രം ഡൽഹി കോടതിയിൽ സമർപ്പിച്ചു.
കഴിഞ്ഞ ജനുവരിയിൽ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യവിരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീകരാക്രമണ പദ്ധതി തകർത്തത്. ഇന്ത്യയുമായി ബന്ധപ്പെട്ട ചില തന്ത്രപ്രധാന രേഖകൾ, ചിത്രങ്ങൾ എന്നിവ ശേഖരിക്കുന്നതിനായി നേപ്പാൾ സ്വദേശി ഇന്ത്യയിലുള്ളതായും ഇയാൾക്ക് പാകിസ്ഥാന്റെ ചാരസംഘടനയുമായി ബന്ധമുണ്ടെന്നുമായിരുന്നു ലഭിച്ച രഹസ്യവിവരം. തുടർന്നായിരുന്നു അന്വേഷണം ആരംഭിച്ചത്. സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അടക്കം പാകിസ്ഥാനിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് നേപ്പാൾ സ്വദേശി അൻസുറുൾ മിയ അൻസാരി പിടിയിലായത്. ഇയാൾക്ക് വേണ്ട സഹായങ്ങൾ നൽകിയത് റാഞ്ചി സ്വദേശിയാണെന്ന് വ്യക്തമായതോടെ അയാളെയും അറസ്റ്റുചെയ്തു.
അൻസാരി നേരത്തേ ഖത്തറിൽ ടാക്സി ഡ്രൈവറായി ജോലിനോക്കുകയായിരുന്നു. അവിടെവച്ചാണ് ഐഎസ്ഐ വലയിലാക്കിയത്. തുടർന്ന് കഴിഞ്ഞവർഷം റാവൽപിണ്ടിയിൽ എത്തിച്ച് ചാരവൃത്തിയിലടക്കം പരിശീലനവും നൽകിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഓഫീസുമായി ബന്ധപ്പെട്ടും ചില വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഹൈക്കമീഷൻ ഉദ്യോഗസ്ഥരായ മുസമ്മിൽ, ഡാനിഷ് എന്നിവർക്കും ഭീകരാക്രമണ പദ്ധതിയുമായി ബന്ധമുണ്ടെന്നാണ് വിവരം. ഡാനിഷിന് പിടിയിലായ ഇന്ത്യൻ യൂട്യൂബർ ജ്യോതി മൽഹോത്രയുമായി ബന്ധമുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.കഴിഞ്ഞദിവസം ചോദ്യംചെയ്യലിൽ ജ്യോതി പാക് ബന്ധം സമ്മതിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |