SignIn
Kerala Kaumudi Online
Thursday, 19 February 2026 6.22 AM IST

ബംഗളൂരു ദുരന്തം: ആര്‍സിബിക്കും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും എതിരെ കേസെടുത്ത് പൊലീസ്

Increase Font Size Decrease Font Size Print Page
rcb

ബംഗളൂരു: ആര്‍സിബിയുടെ ഐപിഎല്‍ കിരീട വിജയാഘോഷത്തിനിടെയുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ ഡിഎന്‍എ എന്നിവര്‍ക്കെതിരെയാണ് ബംഗളൂരു പൊലീസ് കേസെടുത്തത്. കുറ്റകരമായ നരഹത്യ ചുമത്തിയാണ് കബണ്‍ പാര്‍ക്ക് പൊലീസിന്റെ നടപടി. വിജയാഘോഷം സംബന്ധിച്ച് പൊലീസ് മുന്നോട്ടുവച്ച ഉപാധികള്‍ ആര്‍സിബി മാനേജ്‌മെന്റ് അംഗീകരിച്ചിരുന്നില്ല.

ഫൈനലില്‍ ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ ബംഗളൂരു നഗരത്തില്‍ ആരാധകര്‍ തെരുവിലിറങ്ങിയിരുന്നു. ഈ തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടിയെന്നും അതുകൊണ്ട് തന്നെ വിജയാഘോഷം വരുന്ന ഞായറാഴ്ചയിലേക്ക് മാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും മാനേജ്‌മെന്റ് അംഗീകരിച്ചില്ല. തിരക്ക് കൂടാന്‍ സാദ്ധ്യതയുണ്ടെന്നും ഞായറാഴ്ചയാകുമ്പോള്‍ ആരാധകരുടെ ആവേശം കുറയുമെന്നും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നും പൊലീസ് ആര്‍സിബി മാനേജ്‌മെന്റിനോട് പറഞ്ഞിരുന്നു.

ഫൈനല്‍ നടന്ന ചൊവ്വാഴ്ച ദിവസം പുലര്‍ച്ചെ തെരുവില്‍ ഇറങ്ങിയ ആരാധകരെ നിയന്ത്രിക്കാന്‍ തന്നെ പ്രയാസപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ ക്ഷീണിതരാണെന്നും സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിപുലമായ സുരക്ഷ ക്രമീകരണത്തിന് സമയം ഇല്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. സര്‍ക്കാരിനെയും ആര്‍സിബിയെയും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനെയും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ടീമിലെ വിദേശ താരങ്ങള്‍ക്ക് ഉടന്‍ മടങ്ങണം എന്നായിരുന്നു ആര്‍സിബി പ്രതികരണം.

എന്നാല്‍, ബംഗളൂരുവില്‍ ഇത്രയും വലിയ ദുരന്തം സംഭവിക്കുകയും തങ്ങളുടെ ആരാധകരായ 11 പേര്‍ മരിക്കുകയും നിരവധി പേര്‍ ഗുരുതരാവസ്ഥയിലാകുകയും ചെയ്തിട്ടും ആര്‍സിബി താരങ്ങള്‍ സ്റ്റേഡിയത്തില്‍ ആഘോഷ പരിപാടികള്‍ തുടര്‍ന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. വിരാട് കൊഹ്ലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആരാധകരോട് സ്റ്റേഡിയത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. അപകടം സംഭവിച്ചതിന് ശേഷവും ആഘോഷം തുടരുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം ആര്‍സിബിയുടെ ഔദ്യോഗിക സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളില്‍ പങ്കുവയ്ക്കുന്നുമുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS, RCB, BENGALURU, STAMPEDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY