
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയടക്കമുള്ളവർക്ക് താത്ക്കാലിക ആശ്വാസം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം സ്വീകരിക്കാൻ ഡൽഹിയിലെ റോസ് അവന്യൂ കോടതി വിസമ്മതിച്ചു.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലല്ലെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം കോടതി തള്ളിയത്.
ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഈ കേസിൽ ഇതിനോടകം തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അതിനാൽ ഇഡിയുടെ വാദത്തിൽ ഇനി വിധി പറയുന്നത് വിവേകശൂന്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഇഡിയുടെ നടപടികൾ രാഷ്ട്രീയ പ്രേരിതവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
ഇപ്പോൾ പ്രവർത്തനരഹിതമായ നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസിന്റെ കോടികൾ വില വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ എന്ന കമ്പനി തട്ടിയെടുത്തുവെന്ന് കാണിച്ചാണ് സുബ്രഹ്‌മണ്യൻ സ്വാമി ഇഡിയ്ക്ക് പരാതി നൽകിയത്. നാഷണല്‍ ഹെറാൾഡ് ദിനപത്രത്തിന്റെ നടത്തിപ്പ് കമ്പനിയായിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് 90 കോടി രൂപ പലിശയില്ലാ വായ്പ എടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കാതെ വന്നപ്പോള്‍ 2010ൽ അഞ്ചു ലക്ഷം രൂപ മൂലധനവുമായി രൂപീകരിച്ച യംഗ് ഇന്ത്യന്‍ എന്ന കമ്പനി 5000 കോടിയുടെ സ്വത്തുള്ള അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയെ കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |