
ലോകത്ത് ഏറ്റവും തിരക്കേറിയ യാത്രാ നെറ്റ്‌വർക്കുള്ളത് ഇന്ത്യൻ റെയിൽവേയ്‌ക്കാണ്. ഏറ്റവും ദൈർഘ്യമേറിയ നാലാമത് റെയിൽ നെറ്റ‌്‌വർക്കും ഇന്ത്യയിലാണ്. കുറഞ്ഞ മണിക്കൂറുകൾ കൊണ്ട് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിൻ വന്ദേഭാരത് നമ്മുടെ രാജ്യത്തെ മികവാർന്ന സർവീസാണ്. എന്നാൽ ഇന്ത്യയിൽ ഏറ്റവും പതുക്കെയോടുന്ന ട്രെയിൻ ഏതെന്നറിയാമോ? ഒരു മണിക്കൂറിൽ വെറും ഒൻപത് കിലോമീറ്റർ മാത്രമോടുന്ന തമിഴ്‌നാട്ടിലെ മേട്ടുപാളയം മുതൽ ഊട്ടി വരെ സർവീസ് നടത്തുന്ന നീലഗിരി മൗണ്ടൻ ട്രെയിനാണത്. വിനോദസഞ്ചാരത്തിനായി സർവീസ് നടത്തുന്ന നീലഗിരി മൗണ്ടൻ ട്രെയിനിനെ പ്രദേശവാസികൾ ടോയ് ട്രെയിൻ എന്ന് വിളിക്കാറുണ്ട്.
ഈ ട്രെയിനിന് വളരെ മെല്ലെ പോകേണ്ടിവരുന്നത് അതിന്റെ റൂട്ടിന്റെ പ്രത്യേകത കൊണ്ടാണ്. കുത്തനെ കയറ്റങ്ങളും കൊടുംവളവുകളുമാണ് ടോയ് ട്രെയിൻ റൂട്ടിലുള്ളത്. ഭംഗിയേറിയ തേയിലത്തോട്ടങ്ങൾ, ഉയരത്തിലുള്ള പാലങ്ങൾ, കൊടും വനപ്രദേശങ്ങൾ, തുരങ്കങ്ങൾ എന്നിവിടങ്ങളിലൂടെയാണ് ട്രെയിൻ സർവീസ് നടത്തുക. നിരവധി ചലച്ചിത്രങ്ങളിൽ നീലഗിരി മൗണ്ടൻ ട്രെയിൻ ഭാഗമായിട്ടുണ്ട്. ഈ റൂട്ട് യുനെസ്‌കോ പൈതൃക പട്ടികയിൽ പെടുത്തിയിട്ടുണ്ട്. കൂനൂർ, വെല്ലിംഗ്‌ടൺ, അരവൻകാട്, ലൗഡേൽ, ഹിൽഗ്രോവ് തുടങ്ങി സ്റ്റോപ്പുകൾ ട്രെയിനിനുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ട്രെയിൻ തന്നെയാണിത്. റാക്ക് ആൻഡ് പീനിയൻ സിസ്റ്റം ഉപയോഗിക്കുന്നതിനാലാണ് ട്രെയിൻ മെല്ലെ പോകുന്നത്. 1908ൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ഈ റെയിൽ സർവീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |