
ഭോപ്പാല്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ മദ്ധ്യപ്രദേശില്‍ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക് മുമ്പാണ് സംഭവമെന്നും അന്വേഷണം പ്രഖ്യാപിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. യശ്വന്ത്റാവു ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ബ്ലഡ്ബാങ്കില്‍ നിന്ന് പതിവായി രക്തം മാറ്റിവയ്ക്കുന്നതിനിടെയായിരിക്കാം കുട്ടികള്‍ക്ക് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. രക്തം നല്‍കിയപ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ആരോപണം. കുട്ടികളുടെ രക്തം പരിശോധിച്ചപ്പോഴാണ് എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ആശുപത്രിയിലെ രക്തബാങ്കില്‍നിന്ന് നല്‍കിയ രക്തത്തില്‍ നിന്നാണോ അതോ മറ്റു ചികിത്സാ ഉപകരണങ്ങള്‍ വഴിയാണോ വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്.
സര്‍ക്കാര്‍ ഈ വിഷയം വളരെ ഗൗരവമായി കാണുമെന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കൃത്യമായി നടപടിയുണ്ടാകുമെന്നും മദ്ധ്യപ്രദേശ് ആരോഗ്യ മന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു. മറ്റ് ആശുപത്രികളിലും ഇത്തരത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. മദ്ധ്യപ്രദേശില്‍ ആരോഗ്യമേഖല വളരെ മോശം അവസ്ഥയിലാണെന്നും ഇത്തരം സംഭവങ്ങള്‍ പതിവായി മാറിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |