
കൊൽക്കത്ത: അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളിൽ തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ (എസ്.ഐ.ആർ) ഭാഗമായി ഒഴിവാക്കിയത് അരക്കോടിയിലേറെ വോട്ടർമാരെ. ഇന്നലെ കരടു വോട്ടർപട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചപ്പോൾ 7,08,16,630 പേർ പട്ടികയിൽ ഇടംപിടിച്ചു. 92.4% പേർക്കും ഇടംകിട്ടിയെന്നാണ് കമ്മിഷൻ പറയുന്നത്. 58 ലക്ഷം പേർ പുറത്തായി. ഇതിൽ 24.16 ലക്ഷം പേർ മരിച്ചവരാണെന്നാണ് കമ്മിഷന്റെ വിശദീകരണം. സംസ്ഥാനത്തിന് പുറത്തേക്ക് സ്ഥലം മാറിയവർ അടക്കം 19 ലക്ഷവും, കാണാതായവർ 12 ലക്ഷവും. 1.38 ലക്ഷം പേർക്ക് ഇരട്ടവോട്ടുണ്ടെന്നും കണ്ടെത്തി. ബംഗാൾ
മുഖ്യമന്ത്രി മമതാ ബാനർജി വോട്ട് ചെയ്യുന്ന പോളിംഗ് ബൂത്തിൽ നിന്ന് 127 പേരുകളാണ് നീക്കം ചെയ്തത്. നിയമാനുസൃത വോട്ടർമാരെ വെട്ടിനിരത്തിയ നടപടി അനീതിയാണെന്നും പിന്നിൽ ബി.ജെ.പിയാണെന്നും തൃണമൂൽ കോൺഗ്രസ് എം.പി സൗഗത റോയ് ആരോപിച്ചു. വെട്ടിമാറ്റപ്പെട്ടവരെ വീണ്ടും ഉൾപ്പെടുത്താൻ ആവശ്യമായ അപേക്ഷ പൂരിപ്പിച്ചുനൽകാൻ സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു.
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതോടെ എസ്.ഐ.ആറിന്റെ ഒന്നാം ഘട്ടം അവസാനിച്ചു. പട്ടികയിൽ നിന്ന് തെറ്റായും അന്യായമായും പുറത്താക്കപ്പെട്ടുയെന്ന് തോന്നുന്നവർക്ക് പരാതികൾ ഉന്നയിക്കാം. പേര് ഉൾപ്പെടുത്താൻ അപേക്ഷ നൽകുകയും ചെയ്യാം. ഫെബ്രുവരിയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
മറ്റിടങ്ങളിലും
രാജസ്ഥാനിൽ 41 ലക്ഷം പേരും, ഗോവയിൽ 100,042 പേരും, പുതുച്ചേരിയിൽ 103,467 പേരും, ലക്ഷദ്വീപിൽ 1429 പേരും കരടു വോട്ടർ പ്രസിദ്ധീകരിച്ചപ്പോൾ പുറത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |