ന്യൂഡൽഹി: പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങി ഉന്നത പദവികളിലുള്ളവർ തടവിലായാൽ നീക്കാൻ വ്യവസ്ഥയുള്ള ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ബില്ലിൽ തെറ്റെന്നും കാണാനില്ലെന്നാണ് തരൂർ പ്രതികരിച്ചത്. ബില്ലിൽ ചർച്ചകൾ നടക്കട്ടെയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ബില്ലിനെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായി എതിർക്കുമ്പോഴാണ് പ്രതിപക്ഷ എംപിയായ തരൂരിന്റെ ഈ പ്രതികരണം.
അതേസമയം, പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്നാണ് ഇന്ത്യാ സഖ്യം വിമർശിച്ചത്. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാൽ ഉച്ചവരെ പാർലമെന്റിൽ ബില്ല് അവതരിപ്പിക്കാനായില്ല. ബഹളത്തിനിടെ ഓൺലെെൻ ഗെയിമിംഗ് ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ചു.
അഞ്ചുവർഷമോ അതിൽ കൂടുതലോ ശിക്ഷാർഹമായ ഏതെങ്കിലും കുറ്റത്തിന് ഒരുമാസം വരെ തടവിലാകുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങി ഉന്നത പദവികളിലുള്ളവരെ നീക്കാൻ വ്യവസ്ഥയുള്ള ബില്ലാണ് സർക്കാർ കൊണ്ടുവന്നത്. ഇതിനായി 130-ാം ഭരണഘടനാ ഭേദഗതി അടക്കം ബില്ലുകൾ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്‌സഭയിൽ അവതരിപ്പിക്കുന്നത്.
തടവിലുള്ള മുഖ്യമന്ത്രിയേയും മന്ത്രിമാരെയും 31-ാം ദിവസം പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിക്ക് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാം. ശിക്ഷ ലഭിച്ചിട്ടില്ലെങ്കിൽ പോലും നീക്കം ചെയ്യാൻ കഴിയുന്ന വ്യവസ്ഥയാണ് ബില്ലിലുള്ളത്. അധികാരത്തിലുള്ള പ്രധാനമന്ത്രിയാണ് സമാനമായ രീതിയിൽ അറസ്റ്റിലാകുന്നതെങ്കിൽ 31-ാം ദിവസം രാജിവയ്‌ക്കണം. ഇല്ലെങ്കിൽ അടുത്ത ദിവസം മുതൽ പദവിയിലിരിക്കാൻ യോഗ്യനല്ല. എന്നാതാണ് ബില്ലിലെ വ്യവസ്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |