SignIn
Kerala Kaumudi Online
Friday, 20 February 2026 8.03 PM IST

'ശരീരം എങ്ങനെ വേണമെന്ന് അയാൾ തീരുമാനിക്കാൻ തുടങ്ങി, 21-ാം വയസിലും എപ്സ്റ്റീന് ഞാൻ കിളവിയായിരുന്നു'

Increase Font Size Decrease Font Size Print Page
rina-oh-jeffrey-epstein-

ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ നടത്തിയ ലൈംഗിക അതിക്രമങ്ങളെയും മാനസിക പീഡനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി അതിജീവിതയായ റീന ഓ. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് എപ്സ്റ്റീന്റെ ക്രൂരതകൾ എങ്ങനെയൊക്കെയാണെന്ന് റീന തുറന്നുപറഞ്ഞത്. തനിക്ക് 21 വയസുള്ളപ്പോഴാണ് 47 കാരനായ എപ്സ്റ്റീൻ തന്നെ ചൂഷണം ചെയ്യാൻ തുടങ്ങിയതെന്ന് റീന ഓർത്തെടുത്തു.


'ആദ്യം എന്നെ ഒരുപാട് പുകഴ്ത്തി പറയുമായിരുന്നു. പക്ഷേ കുറച്ചു മാസങ്ങൾ കഴിഞ്ഞ് അയാൾ മനഃപൂർവ്വം എന്നെ മാനസികമായി തകർക്കാൻ തുടങ്ങി. എന്നെ ബോഡി ഷെയിമിംഗ് ചെയ്ത് അധിക്ഷേപിച്ചു. ഞാൻ എന്തുചെയ്യണം, എന്റെ ശരീരം എങ്ങനെയിരിക്കണമെന്നൊക്കെ അയാൾ തീരുമാനിക്കാൻ തുടങ്ങി. ഏറ്റവും സങ്കടകരമായ കാര്യം എനിക്ക് 21 വയസുള്ളപ്പോൾ അയാൾ എന്നെ നോക്കി നീയൊരു കിളവിയായിപോയെന്ന് ആവർത്തിച്ച് പറയുമായിരുന്നു. അന്ന് അയാൾക്ക് 47 വയസായിരുന്നു പ്രായം. ആ പ്രായത്തിലുള്ള ഒരാൾ 21കാരിയായ ഒരു പെൺകുട്ടിയോട് നീ പ്രായം കൂടിയവളാണെന്ന് പറയുന്നത് എത്രത്തോളം ഭയാനകമാണെന്ന് നിങ്ങൾക്ക് ചിന്തിക്കാവുന്നതേയുള്ളൂ.

എനിക്ക് അഞ്ചോ ആറോ വയസുള്ളപ്പോൾ മുതൽ ഞാൻ ഒരു മുതിർന്ന വ്യക്തിയുടെ പീഡനത്തിന് ഇരയായിരുന്നു. പണ്ടേ ഒന്നിനോടും പ്രതികരിക്കാത്ത, മിണ്ടാതിരിക്കുന്ന ഒരാളായിരുന്നു ഞാൻ. അതുകൊണ്ട് എന്നെ ഉപദ്രവിക്കുമ്പോൾ അത് പീഡനമാണെന്നുപോലും അന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ആരെയും വിശ്വസിക്കുന്ന പെട്ടെന്ന് സ്വാധീനിക്കാൻ കഴിയുന്ന ഒരാളായിരുന്നു ഞാൻ. എന്റെ ഉള്ളിലെ ആ മുറിവുകൾ ജെഫ്രി തിരിച്ചറിഞ്ഞു, അത് അയാൾ മുതലെടുക്കുകയായിരുന്നു.

rina-oh

ഫ്‌ളോറിഡയിലേക്കുള്ള യാത്രയ്ക്കിടയിലാണ് കാര്യങ്ങൾ അങ്ങേയറ്റം ഭയാനകമായത്. അയാളുടെ ഏറ്റവും ഡാർക്കായ ചില രഹസ്യങ്ങൾ എന്നോട് പറഞ്ഞു. ആ രഹസ്യം ഞാൻ കൂടെയുള്ള മറ്റൊരു പെൺകുട്ടിയോട് പറഞ്ഞപ്പോൾ അവളത് അയാളോട് പോയി പറഞ്ഞു. അതോടെ എപ്സ്റ്റീൻ എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി. എനിക്ക് രക്ഷപ്പെടാൻ തോന്നിയാൽ പോലും ഒന്നിനും കഴിയാത്ത അവസ്ഥയായി.


എന്നെ ഉപദ്രവിക്കാൻ വേണ്ട എല്ലാ വിവരങ്ങളും അയാളുടെ കൈവശമുണ്ടായിരുന്നു. എന്റെ സ്ഥിരതാമസത്തിനുള്ള രേഖകൾ അന്ന് ശരിയായിരുന്നില്ല. വാഷിംഗ്ടണിലെ എല്ലാവരെയും തനിക്ക് അറിയാമെന്നും ഒരു ഫോൺ കോളിലൂടെ എന്ത് വേണമെങ്കിലും ചെയ്യാമെന്നും അയാൾ പറഞ്ഞിരുന്നു. ഞാൻ മിണ്ടിയാൽ എന്നെയും എന്റെ മാതാപിതാക്കളെയും അയാൾ ഇല്ലാതാക്കുമെന്ന് എനിക്കറിയാം. കാരണം അയാളുടെ ആളുകൾ എന്നെ എപ്പോഴും പിന്തുടരുന്നുണ്ടായിരുന്നു. അവസാനമായി കണ്ടപ്പോൾ അയാൾ എന്നോട് ഭയങ്കര വയലന്റായിരുന്നു. അതോടെ അയാളെ കാണുന്നത് ഞാൻ നിർത്തി. പിന്നെ ഒരിക്കലും അങ്ങോട്ട് പോയില്ല. വിളിച്ചാൽ ഫോൺ എടുക്കാറുമില്ലായിരുന്നു. പക്ഷേ അപ്പോഴൊന്നും ഈ കാര്യങ്ങൾ പുറത്തുപറയാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല,' റീന പറഞ്ഞു.


'ആൻഡ്രൂ രാജകുമാരനെതിരെയുള്ള ഇപ്പോഴത്തെ വാർത്തകൾ കേട്ടപ്പോൾ ഇങ്ങനെയൊന്ന് സംഭവിക്കാൻ സമയമായെന്ന് എനിക്ക് തോന്നി. പഴയ രാജകുടുംബാംഗമാണെങ്കിലും അയാൾക്ക് ഈ കാര്യങ്ങളിൽ മറുപടി പറഞ്ഞേ മതിയാകൂ. ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടന്നുറങ്ങിയ ഒരു ക്രിമിനലിന്റെ കൂടെ ഇത്രയും കാലം അയാൾ എന്ത് ചെയ്യുകയായിരുന്നു? രാജകുടുംബത്തിൽപ്പെട്ട ഒരാൾക്കെതിരെ ഇങ്ങനെയൊരു നടപടി വരുന്നത് മറ്റുള്ളവർക്കും ഒരു പാഠമായിരിക്കും.

അതിജീവിച്ചവരോട് എനിക്ക് പറയാനുള്ളത്...ലോകം നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നതാണ്. നിങ്ങൾ ശക്തരായിരിക്കണം. ആരെയും പേടിക്കരുത്. ഈ കുറ്റകൃത്യങ്ങളിൽ പങ്കാളികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നമുക്ക് ഇതിൽ പൂർണമായ സുതാര്യത വേണം. ഈ സംഘടിത കുറ്റകൃത്യത്തിൽ പങ്കെടുത്ത ഓരോരുത്തരും ശിക്ഷിക്കപ്പെടും. നമ്മൾ അവരെയെല്ലാം പിടികൂടും.' റീന അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

TAGS: NEWS 360, WORLD, WORLD NEWS, EPSTEIN, EPSTIEN FILES, RINA OH, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.