ശ്രീനഗർ: ഭീകരാക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ സഹോദരിയുടെ മകൻ അബു താഹിർ. കഴിഞ്ഞ ദിവസം ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് വരെ സംഭവ സ്ഥലത്തുതന്നെ ഞങ്ങൾ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ അവിടെ നിന്ന് മാറിയപ്പോഴാണ് ആക്രമണം നടക്കുന്നതെന്ന് അബു താഹിർ പറഞ്ഞു. ശ്രീനഗറിലും പരിസരത്തും ഇപ്പോൾ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനായി സൈനിക ഉദ്യോഗസ്ഥരും പൊലീസും നാലുപാടും ഓടുന്നതും ഹെലികോപ്റ്ററുകൾ വട്ടമിട്ട് പറക്കുന്നതും കണ്ടതോടെയാണ് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നതും വിവരങ്ങൾ അറിയുന്നതും. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനായി ഇവിടേക്ക് ആംബുലൻസുകളും മറ്റും എത്തുന്നുണ്ടായിരുന്നു. പ്രദേശവാസികളായ ടൂറിസ്റ്റ് ഗൈഡുകളും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചു.'
ശ്രീനഗറിലും പരിസരത്തും ഇപ്പോൾ സ്ഥിതിഗതികൾ സുരക്ഷിതമാണ്. സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. വഴിയിൽ എല്ലായിടത്തും പരിശോധനയുണ്ട്. സാധാരണ പഹൽഗാമിൽ നിന്ന് ശ്രീനഗറിലേക്ക് എത്താൻ മൂന്ന് മണിക്കൂറാണ് വേണ്ടത്. എന്നാൽ ഇപ്പോൾ വേണ്ടിവന്നത് ആറ് മണിക്കൂറോളമാണ്. അത്ര കനത്ത പരിശോധനകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്' - അബു താഹിർ പറഞ്ഞു.
അബു താഹിറും മൂന്ന് കുട്ടികളും ഉൾപ്പെടുന്ന കുടുംബം 25 വരെയാണ് വിനോദ യാത്ര തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനാണ് ശ്രമിക്കുന്നതെന്ന് അബു താഹിർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |