
വണ്ടികളെപ്പോലെത്തന്നെ അതിന്റെ നമ്പർ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. ഇഷ്ടപ്പെട്ട നമ്പർ സ്വന്തമാക്കാനായി ലക്ഷങ്ങൾ പൊടിക്കുന്നവരും ഏറെയാണ്. അത്തരമൊരു നമ്പർ പ്ലേറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകമാനം ചർച്ചയാകുന്നത്.
HR88B8888 എന്നതാണ് വണ്ടിയുടെ നമ്പർ. രാജ്യത്തെ എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ടാണ് ഈ നമ്പർ പ്ലേറ്റ് ഹരിയാന സർക്കാർ ലേലത്തിൽ വിറ്റത്. ഈ നമ്പർ സ്വന്തമാക്കാൻ വിഐപികൾ മത്സരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഒടുവിൽ ആഡംബര കാറിന്റെ പണം നൽകിയാണ് ഈ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്.
എന്തുകൊണ്ട് രാജ്യത്തെ ഏറ്റവും വിലയേറിയ നമ്പർ പ്ലേറ്റ്?
1.17 കോടിയാണ് നമ്പർ പ്ലേറ്റിനായി വാഹന ഉടമയ്ക്ക് നൽകേണ്ടി വന്നത്. ലേലം മണിക്കൂറുകൾ നീണ്ടു. HR88B8888 എന്ന നമ്പരിന് സംഖ്യാ ശാസ്ത്രപരമോ ജ്യോതിഷപരമായോ എന്തെങ്കിലും പ്രത്യേകതയുണ്ടോയെന്നാണ് വിവരമറിഞ്ഞ് ഏവരും ചോദിക്കുന്നത്. ചിലർക്ക് ഫാൻസി നമ്പരിനോട് ഏറെ പ്രിയമാണ്.
HR88B8888 എന്ന നമ്പരുകൾക്കിടയിൽ B എന്ന അക്ഷരം മാത്രമേ വരുന്നുള്ളൂ. ബാക്കിയെല്ലാം 8 ആണ്. ഒറ്റനോട്ടത്തിൽ കാണുമ്പോൾ B എന്ന അക്ഷരം 8 പോലെ തോന്നും. അതായത് ഹരിയാനയുടെ കോഡ് ആയ HRന് ശേഷമുള്ള എല്ലാ അക്ഷരങ്ങളും 8 ആയി തോന്നുന്നുവെന്നതാണ് ഒരു പ്രത്യേകത.
സംസ്ഥാന കോഡിന് (HR) ശേഷം വരുന്ന 88 എന്നത് നിർദ്ദിഷ്ട റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ (RTO) കോഡാണ്. B എന്ന അക്ഷരം B RTO നൽകുന്ന പരമ്പരയെ പ്രതിനിധീകരിക്കുന്നു, 8888 എന്നത് സവിശേഷമായ നാലക്ക രജിസ്‌ട്രേഷൻ നമ്പറാണ്.
സംഖ്യാശാസ്ത്രത്തിൽ 88 എന്ന സംഖ്യ ഏറെ പ്രത്യേകത നിറഞ്ഞതായി കണക്കാക്കുന്നു. കാരണം ഇത് സമ്പത്തും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സമ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല ആത്മീയതലത്തിലും ഇത് ബന്ധപ്പെട്ടിരിക്കുന്നു. 88 എന്നത് കർമത്തെ എടുത്തുകാണിക്കുന്നു. ജീവിതത്തിലെ സന്തുലിതാവസ്ഥ പ്രധാനമാണെന്നും നമ്മൾ മറ്റുള്ളവർക്ക് നൽകുന്നത് പലപ്പോഴും നമ്മിലേക്ക് തിരികെ വരുമെന്നും ഇത് ആളുകളെ ഓർമ്മിപ്പിക്കുന്നു.
നമ്പർ പ്ലേറ്റ് ലേലം എങ്ങനെ?
ഹരിയാനയിൽ എല്ലാ ആഴ്ചയും വിഐപി അല്ലെങ്കിൽ ഫാൻസി നമ്പർ പ്ലേറ്റുകൾക്കായുള്ള ലേലം നടക്കുന്നു. ഔദ്യോഗിക പോർട്ടലായ fancy.parivahan.gov.in. വഴിയാണ് ലേലം. വെള്ളിയാഴ്ചകളിൽ വൈകുന്നേരം അഞ്ച് മണിക്കാണ് ആരംഭിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ലേലം അവസാനിക്കും. സാധാരണയായി ബുധനാഴ്ച വൈകുന്നേരം 5 മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്.
ലേലത്തിൽ പങ്കെടുക്കാൻ
www.parivahan.gov.in സന്ദർശിച്ച് ഓൺലൈൻ സേവനങ്ങൾക്ക് കീഴിൽ ഫാൻസി നമ്പർ ബുക്കിംഗ് ക്ലിക്ക് ചെയ്യുക.
പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
കാണുന്ന ഓപ്ഷനിൽ നിങ്ങളുടെ പേര്, ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നൽകുക. സംസ്ഥാനമായി ഹരിയാന തിരഞ്ഞെടുത്ത് സൈൻ അപ്പ് ക്ലിക്ക് ചെയ്യുക.
ലോഗിൻ ചെയ്ത ശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ട നമ്പർ തെരയാൻ കഴിയും. ഒന്നുകിൽ നമ്പർ സെർച്ച് ചെയ്യുക. അല്ലെങ്കിൽ ലഭ്യമായ എല്ലാ നമ്പറുകളും പരിശോധിക്കുക.
ഒരു ബിഡ്ഡറായി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ലോഗിൻ ചെയ്യുക, ലേല സേവനങ്ങളിലേക്ക് പോയി ബിഡ്ഡിംഗ് പ്രക്രിയ തുറക്കുക.
തുടർന്ന് ലേലത്തിൽ പങ്കെടുക്കാം.
വിജയിക്ക് ഒരു എസ്എംഎസും ഇമെയിലും ലഭിക്കും. ബാക്കി തുക അഞ്ച് ദിവസത്തിനുള്ളിൽ അടയ്ക്കണം.
എല്ലാ ആഴ്ചയും വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മണി വരെ ലേലം നടക്കും, ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഫലങ്ങൾ പുറത്തുവിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |