
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വെെറലായ പാരഡി ഗാനം പാർലമെന്റിന് മുന്നിൽ ആലപിച്ച് യുഡിഎഫ് എംപിമാർ. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പോരെന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്.
ഇന്ന് രാവിലെ 10.30ഓടെ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 'പോറ്റിയെ കേറ്റിയേ സ്വർണം ചെമ്പായ് മാറ്റിയേ' എന്ന് തുടങ്ങുന്ന പാരഡി ഗാനം ആലപിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിൽ കെ സി വേണുഗോപാൽ, ആന്റോ ആന്റണി, ഹെെബി ഈഡൻ തുടങ്ങിയവർ ശബരിമല വിഷയം ലോക്‌സഭയുടെ ശൂന്യവേളയിൽ ഉന്നയിച്ചിരുന്നു.
അതേസമയം, സ്വർണക്കൊള്ള കേസിൽ ശബരിമല മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതിയാണ് തള്ളിയത്. പാളികൾ കെെമാറിയതിൽ തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു.
കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും കസ്റ്റഡിയിൽ വിട്ടു. ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പ കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് രണ്ടുദിവസം കസ്റ്റഡിയിൽ വേണമെന്നാണ് കൊല്ലം വിജിലൻസ് കോടതിയിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |