
അബുദാബി: അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് യുഎഇയിലുടനീളമുള്ള താമസക്കാർക്ക് ദുരിതങ്ങൾ നേരിടേണ്ടി വന്നു. ഇന്നലെയാണ് യുഎഇയിൽ കനത്ത മഴയുണ്ടായത്. ഇതിനെത്തുടർന്ന് രാജ്യത്തിന്റെ പല ഭാഗത്തും ഭക്ഷണ, ഭക്ഷ്യവസ്‌തു വിതരണ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വന്നു.
ഡെലിവറി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓർഡറുകളെടുക്കുന്നത് വൈകിപ്പിക്കുകയോ നിർത്തിവയ്‌ക്കുകയോ ചെയ്യുമെന്ന് ഭക്ഷ്യവിതരണ കമ്പനികൾ അറിയിച്ചിരുന്നു. മഴ കാരണം ഇന്നലെ മുഹമ്മദ് ബിൻ സായിദ് റോഡിന്റെ (E311) വശത്ത് ദുബായിലേക്ക് പോകേണ്ട ധാരാളം ഡെലിവറി ജീവനക്കാർക്ക് മണിക്കൂറുകളോളം നിൽക്കേണ്ടി വന്നതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്‌തിരുന്നു.
ഓർഡറുകൾ കൈകളിലെത്താൻ പതിവിലും കൂടുതൽ സമയമെടുക്കുമെന്ന് ഉപഭോക്താക്കൾക്ക് ആപ്പുകളിലൂടെ മുന്നറിയിപ്പും നൽകിയിരുന്നു. കാലാവസ്ഥ സുരക്ഷിതമാകുമ്പോൾ ആപ്പിന്റെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുമെന്നും അറിയിച്ചു. കാലാവസ്ഥ അനുകൂലമല്ലെന്ന് തോന്നിയാൽ ഡെലിവറി ജീവനക്കാർ അവരുടെ ആപ്പിൽ നിന്ന് ലോഗ് ഔട്ട് ചെയ്യണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
തീരപ്രദേശങ്ങളിലും രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലുമായിരുന്നു ശക്തമായ മഴ ഉണ്ടായത്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പറയുന്നതനുസരിച്ച്, ഈ ആഴ്‌ച മുഴുവൻ അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കാം. താപനില 13 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞിട്ടുണ്ട്. ജനങ്ങൾ ഈ ആഴ്‌ച മുഴുവൻ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |