ന്യൂഡൽഹി: യാത്രക്കാരന്റെ ചെക്ക് ഇൻ ബാഗ് നഷ്ടപ്പെട്ട സംഭവത്തിൽ സ്‌പൈസ്ജെറ്റ് എയർലൈൻസിനോട് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം. ഡൽഹി സംസ്ഥാന ഉപഭോക്തൃ കമ്മീഷനാണ് സ്പൈസ്ജെറ്റിനോട് നിർദ്ദേശം നൽകിയിരിക്കുന്നത്. 2013 മേയ് രണ്ടിനാണ് നിർദ്ദേശത്തിനാസ്പദമായ സംഭവം ഉണ്ടായത്. പരാതിക്കാരന്റെ നഷ്ടപ്പെട്ട സ്യൂട്ട്കേസിൽ ഭാര്യയുടെ സ്വർണാഭരണങ്ങളും വിലപിടിപ്പുളള വസ്ത്രങ്ങളും സാധനങ്ങളും അടങ്ങിയിരുന്നു. നഷ്ടപരിഹാരമായി 3000 രൂപ വരെ നൽകാമെന്ന എയർലൈൻസ് അറിയിച്ചിരുന്നു.
എന്നാൽ യാത്രക്കാരൻ ഉപഭോക്തൃ കമ്മീഷന് പരാതി നൽകുകയായിരുന്നു. നേപ്പാളിൽ ഭാര്യയോടും മക്കളോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ പോയതായിരുന്നു പരാതിക്കാരൻ. തിരികെ ഡൽഹിയിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് സ്യൂട്ട്കേസ് മോഷണം പോയത്. 23 കിലോഗ്രാം ഭാരമുളള രണ്ട് സ്യൂട്ട്‌കേസുകളുണ്ടായിരുന്നു. കാഠ്മണ്ഡു വിമാനത്താവളത്തിൽ വച്ച് സ്യൂട്ട്കേസുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
എന്നാൽ ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോഴേയ്ക്കും ഒരു സ്യൂട്ട്‌കേസ് കാണാതാകുകയായിരുന്നു. തുടർന്ന് സ്‌പൈസ്ജെറ്റ് ജീവനക്കാരനോട് പരാതിക്കാരൻ വിവരമറിയിച്ചു. അന്വേഷണം നടത്തിയെങ്കിലും സ്യൂട്ട്‌കേസ് കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് നഷ്ടപരിഹാരമായി 3000 രൂപ വരെ നൽകാമെന്ന് എയർലൈൻസ് അറിയിച്ചു. ഇത് പരാതിക്കാരൻ നിരസിക്കുകയും എയർലൈൻസ് മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് യാത്രക്കാരൻ ഉപഭോക്തൃ കമ്മീഷനിൽ പരാതിപ്പെട്ടത്.
അതേസമയം, ഇ-ടിക്കറ്റിൽ വ്യക്തമായി പരാമർശിച്ചിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും യാത്രക്കാർക്ക് ചെക്ക്-ഇൻ ബാഗേജിൽ വിലപിടിപ്പുള്ള വസ്തുക്കളോ മരുന്നുകളോ കൊണ്ടുപോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സ്‌പൈസ്ജെറ്റിന്റെ അഭിഭാഷകർ സംസ്ഥാന കമ്മീഷന് മുന്നിൽ വാദിച്ചു. ഈ വ്യവസ്ഥ പരാതിക്കാരൻ ലംഘിച്ചെന്നും അഭിഭാഷകൻ അറിയിച്ചിരുന്നു. എന്നാൽ ജില്ലാ, സംസ്ഥാന ഉപഭോക്തൃ കമ്മീഷനുകൾ സ്‌പൈസ്‌ജെറ്റിന്റെ വാദം തള്ളുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |