ന്യൂഡൽഹി: ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ദാതാവായ സ്റ്റാർലിങ്ക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട്. സാറ്റലൈറ്റ് ലിങ്കുകൾ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് മാത്രമേ നൽകാൻ പാടുള്ളൂ. സ്റ്റാർലിങ്ക് ഇന്ത്യയിലേയ്ക്ക് എത്തുന്നത് കുത്തകവത്‌കരണത്തിനിടയാക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
'ജിയോയും എയർടെലും സ്റ്റാർലിങ്കുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സ്റ്റാർലിങ്ക് ഇന്ത്യയിലേയ്ക്ക് എത്തുന്നത് കുത്തകവത്‌കരണത്തിന് കാരണമാകും. ഒരു കുത്തക വികസിച്ചുവന്നാൽ നിരക്കുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉപഭോക്താക്കളുടെ ചുമലിലാവും. ദേശീയ സുരക്ഷാ താത്‌പര്യങ്ങളെ ബാധിക്കുമെന്നതാണ് മറ്റൊരു പ്രധാന കാര്യം.
സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ലിങ്ക് ഉപയോഗിച്ച് അവർക്ക് നമ്മുടെ രാജ്യത്തെ എല്ലാ മാപ്പിംഗുകളും റിസോഴ്‌സുകളും ആക്‌സസ് ചെയ്യാൻ സാധിക്കും. സാധാരണ ഇത്തരം സാറ്റലൈറ്റ് ലിങ്കുകൾ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് മാത്രമേ നൽകാൻ പാടുള്ളൂ. യുക്രെയിനിൽ സ്റ്റാർലിങ്ക് എങ്ങനെയാണ് പ്രവർത്തിച്ചതെന്നത് നമ്മുടെ മുന്നിലുണ്ട്'- പ്രകാശ് കാരാട്ട് വ്യക്തമാക്കി.
സ്‌റ്റാർലിങ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇലോൺ മസ്‌കിന്റെ സ്‌പേസ്എക്സും പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയർടെല്ലും കൈകോർക്കുകയാണ്. സ്‌റ്റാർലിങ്കിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക പങ്കാളിത്തമാണിത്. എയർടെല്ലുമായി സ്റ്റാർലിങ്ക് കൈകോർക്കുമെന്ന വാർത്ത പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷം ജിയോയും അതേ പാത പിന്തുടരാൻ ഒരുങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിനായി റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് (ജെപിഎൽ) ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്സുമായി സഹകരിക്കുന്നു എന്നാണ് കമ്പനി ഔദ്യോഗികമായി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |