ദീർഘദൂര യാത്രയ്ക്കായി പലപ്പോഴും വിമാനങ്ങളെയോ ട്രെയിനുകളെയോ ആണ് നമ്മൾ കൂടുതലായി ആശ്രയിക്കുന്നത്. യാത്രയ്ക്കിടെ കാറിന്റെ താക്കോലോ, ഇയർഫോണോ ഒക്കെ മറന്നുവയ്ക്കുന്നവരുമുണ്ട്. പരാതി നൽകിയാൽപ്പോലും പലപ്പോഴും അത് തിരിച്ചുകിട്ടിയെന്ന് വരില്ല.
അടുത്തിടെ, എഗ്മോറിലേക്ക് യാത്ര ചെയ്തിരുന്ന വന്ദേ ഭാരത് യാത്രക്കാരനും സമാനമായ അനുഭവം ഉണ്ടായി. ടോയ്ലറ്റിൽ പോയപ്പോൾ വാച്ച് അവിടെ അഴിച്ചുവച്ചു, തിരിച്ചെടുക്കാൻ മറന്നുപോകുകയും ചെയ്തു. എന്നാൽ നഷ്ടപ്പെട്ട സാധനം വേഗത്തിൽ വീണ്ടെടുക്കാൻ കഴിഞ്ഞത് സോഷ്യൽ മീഡിയ ഉപയോക്താക്കളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
ചെന്നൈ സ്വദേശിയും ന്യൂറോ സർജനുമായ മരിയാനോ ആന്റോ ബ്രൂണോ മസ്‌കറേൻഹാസ് ആണ് വന്ദേ ഭാരത് എക്സ്പ്രസിന്റെ ടോയ്ലറ്റിൽ വാച്ച് മറന്നുവച്ചത്. ഒക്ടോബർ 17 ന് രാത്രി 11 മണിക്ക് ഡോക്ടർ എഗ്മോർ സ്റ്റേഷനിൽ എത്തി. വീട്ടിലെത്തിയപ്പോഴാണ് തന്റെ വാച്ച് നഷ്ടപ്പെട്ട വിവരം അറിയുന്നത്. പുലർച്ചെ 12:28 ഓടെ, തന്റെ പിഎൻആർ, കോച്ച്, സീറ്റ് നമ്പർ എന്നിവ അടക്കംവച്ചുകൊണ്ട് പരാതി നൽകി.
കൃത്യം 12:31ന് പരാതി സ്വീകരിച്ചുവെന്ന് പറഞ്ഞുകൊണ്ട് സന്ദേശം ലഭിച്ചു. 12:49ന് വാഹനം യാർഡിലേക്ക് പോയെന്നും യാർഡിൽ പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആർപിഎഫിൽ നിന്ന് കോളെത്തി. 01:12ന് എന്റെ വാച്ചിന്റെ രണ്ട് ഫോട്ടോകളുള്ള ഒരു വാട്ട്സ്ആപ്പ് സന്ദേശവും റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി.
1:13 ആർപിഎഫിൽ നിന്ന് കോളെത്തി. ഒരു വാച്ച് കണ്ടെത്തിയെന്നും അത് നിങ്ങളുടേതാണോയെന്ന് പരിശോധിക്കണമെന്നും പറഞ്ഞു. 'ഇത് അത്ഭുതകരമായ ഒരു പ്രവൃത്തിയാണ്. സത്യം പറഞ്ഞാൽ, ഇത് യഥാർത്ഥത്തിൽ ഒരു 'പരാതി' അല്ല. റെയിൽവേയുടെ ഭാഗത്തല്ല, എന്റെ ഭാഗത്താണ് തെറ്റ് പറ്റിയത്. പരാതി ലഭിച്ച് മിനിട്ടുകൾക്കുള്ളിൽ അത് പരിഹരിക്കാൻ അവർക്കായി.'- ഡോക്ടർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |