ന്യൂഡൽഹി: ജെഎൻയു കാമ്പസിൽ നിന്നും വസന്ത് കുഞ്ച് പൊലീസ് സ്‌റ്റേഷനിലേക്ക് ഇടത് യൂണിയൻ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. നിരവധി വിദ്യാർത്ഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റു. തങ്ങളെ ആക്രമിച്ച എബിവിപി പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജെഎൻയു സ്‌റ്റുഡന്റ്സ് യൂണിയനിലെ (ജെഎൻയുഎസ്) വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ജെഎൻയുഎസിന്റെ മൂന്ന് ഭാരവാഹികൾ ഉൾപ്പെടെ ആറ് വിദ്യാർത്ഥികളുടെ പേരിൽ ഡൽഹി പൊലീസ് കേസെടുത്തു.
19 ആൺകുട്ടികളെയും ഒമ്പത് പെൺകുട്ടികളെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. പൊലീസ് തങ്ങളെ ക്രൂരമായി മർദ്ദിച്ചെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വിദ്യാർത്ഥികൾ പുറത്തുവിട്ടു.
ശനിയാഴ്ച വൈകുന്നേരമാണ് കാമ്പസിൽ പ്രവർത്തിക്കുന്ന എബിവിപി പ്രവർത്തകരുടെ പേരിൽ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ മാർച്ച് നടത്തിയത്. എന്നാൽ കാമ്പസിലെ പടിഞ്ഞാറേ ഗേറ്റിനുമുന്നിൽ ബാരിക്കേഡ് വച്ച് പൊലീസ് ഇവരെ തടഞ്ഞു. വിദ്യാർത്ഥികൾ ബാരിക്കേഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്.
പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ജെഎൻയു സ്‌റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് നിതീഷ് കുമാർ പൊലീസിനും എബിവിപിക്കും എതിരെ ഒരു വീഡിയോ പുറത്തുവിട്ടു. ഒക്ടോബർ മൂന്നിന് കാമ്പസിലെ ജനറൽ ബോഡി മീറ്റിംഗ് ദിവസം എബിവിപി പ്രവർത്തകർ തന്നെയും മറ്റ് പ്രവർത്തകരെയും മണിക്കൂറുകളോളം ബന്ദികളാക്കിയതായി അദ്ദേഹം ആരോപിച്ചു. പരാതിപ്പെട്ടതനുസരിച്ച് പൊലീസ് എത്തിയപ്പോൾ അവരുടെ മുന്നിൽ വച്ചും എബിവിപി പ്രവർത്തകർ തങ്ങളെ മർദ്ദിച്ചെന്ന് നിതീഷ് കുമാർ വീഡിയോയിൽ പറഞ്ഞു, 'ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതിന്റെ പേരിൽ തങ്ങളെ ക്രൂരമായി ഉപദ്രവിച്ച പൊലീസ് എബിവിപി പ്രവർത്തകർക്കെതിരെ ഒരു കേസ് പോലും രജിസ്‌റ്റർ ചെയ്തിട്ടില്ല'- അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് എബിവിപി പ്രവർത്തകരെ സംരക്ഷിക്കുന്നതായാണ് ഇടതുയൂണിയനിലെ വിദ്യാർത്ഥികൾ ആരോപിക്കുന്നത്.
ദസറ ആഘോഷ ദിവസം കാമ്പസിലെ എബിവിപി വിദ്യാർത്ഥികളും ഇടതുപക്ഷ വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായതായി പൊലീസ് പറയുന്നു. ഇരുവിദ്യാർത്ഥി പ്രസ്ഥാനങ്ങളിലെയും നേതാക്കളുമായി സംസാരിച്ചതായും വേണ്ട നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായും പൊലീസ് പറഞ്ഞു. തുടർന്നും പ്രതിഷേധവുമായി വിദ്യാർത്ഥികൾ മുന്നോട്ട് പോയതാണ് സംഘർഷത്തിന് കാരണമായതെന്നും പൊലീസ് വാദിച്ചു. എന്നാൽ ദസറ ദിനത്തിൽ നടന്ന സംഘർഷത്തിൽ പോലീസ് ഒരു പക്ഷത്തിന്റെ ഭാഗം മാത്രമാണ് കേട്ടതെന്നും എബിവിപി വിദ്യാർത്ഥികൾ അക്രമം നടത്തിയെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |