ന്യൂഡൽഹി: ബിഹാറിൽ എൻ.ഡി.എ വിജയിച്ചാൽ മുഖ്യമന്ത്രിയെ ചർച്ചയിലൂടെ തീരുമാനിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്‌താവന തള്ളി സഖ്യകക്ഷിയായ ജെ.ഡി.യു. തങ്ങളുടെ നേതാവ് നിതീഷ് കുമാറിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും വിജയിച്ചാൽ മുഖ്യമന്ത്രി പദം വിട്ടുകൊടുക്കില്ലെന്നാണ് പാർട്ടി പറയുന്നത്.
നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിച്ച് തിരഞ്ഞെടുപ്പ് ജയിച്ച ശേഷം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാമെന്നാണ് ബി.ജെ.പി നിലപാട്. ഇത് സ്വാഭാവിക പ്രക്രിയയാണെന്ന് സഖ്യകക്ഷിയായ എൽ.ജെ.പിയുടെ നേതാവ് ചിരാഗ് പാസ്വാനും ശരിവച്ചു. സഖ്യത്തിലെ എല്ലാ എം.എൽ.എമാരും ചേർന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും നിതീഷ് കുമാർ ഇപ്പോഴും ബീഹാറിലെ ഏറ്റവും ശക്തനും എൻ.ഡി.എയിലെ ഏക മുഖ്യമന്ത്രി സ്ഥാനാത്ഥിയുമാണെന്ന് ജെ.ഡി.യു നേതാവ് നീരജ് കുമാർ വ്യക്തമാക്കി. ചിരാഗ് പാസ്വാന്റെ പ്രസ്‌താവനയെ അദ്ദേഹം തള്ളുകയും ചെയ്‌തു. 2020ലെ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിച്ച ചിരാഗ് ജെ.ഡി.യുവിന് നിരവധി സീറ്റുകളിൽ തിരിച്ചടിയായിരുന്നു. ചിരാഗിന് എൻ.ഡി.എയിൽ 29 സീറ്റുകൾ നൽകിയതിലും ജെ.ഡി.യുവിന് അതൃപ്‌തിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |