ബംഗളൂരു: കർണാടകയിൽ മുൻ ബി.ജെ.പി എം.എൽ.എ സുഭാഷ് ഗുട്ടേദാറിന്റെ വസതിക്കുസമീപം വോട്ടർ രേഖകൾ കത്തിനശിച്ച നിലയിൽ കണ്ടെത്തി. കലബുറഗി അലന്ദ് മണ്ഡലത്തിൽ നിരവധി പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇത് കണ്ടെത്തിയത്. വെള്ളിയാഴ്ച ഗുട്ടേദാറിന്റെയും മക്കളുടെയും വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ, ദീപാവലിയോടനുബന്ധിച്ച് വീട് വൃത്തിയാക്കിയ ജീവനക്കാരൻ കത്തിച്ചതാണെന്നും സംശയിക്കേണ്ടതായി ഒന്നുമില്ലെന്നും ഗുട്ടേദാർ അവകാശപ്പെട്ടു. ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ, എന്റെ വീട്ടിൽ നിന്ന് വോട്ടർ പട്ടികകളോ ലഘുലേഖകളോ കണ്ടെത്തുന്നത് അസാധാരണമാണോ?രാഹുൽ ഗാന്ധിയെ സ്വാധീനിക്കാനും മന്ത്രി സ്ഥാനം നേടാനും വേണ്ടി സിറ്റിംഗ് എം.എൽ.എ ബി.ആർ. പാട്ടീൽ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ഗുട്ടേദാർ പ്രതികരിച്ചു.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അലന്ദിലെ വോട്ടർ പട്ടികയിൽ നിന്ന് ആറായിരത്തിലധികം പേരുകൾ ഒഴിവാക്കിയതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചതോടെയാണ് സർക്കാർ എസ്.ഐ.ടി രൂപീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |