ന്യൂഡൽഹി: എൻ.ഡി.എ സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കിയ നരേന്ദ്രമോദി എട്ടിന് (ശനിയാഴ്ച) വൈകിട്ട് മൂന്നാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ വൈകിട്ട് 4ന് പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന എൻ.ഡി.എ യോഗം മോദിയെ നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തു.
അതേസമയം മൂന്നാം മോദി സർക്കാരിനുള്ള പിന്തുണയ്ക്ക് തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവും ജെ.ഡി.യു നേതാവ് നിതീഷ്കുമാറും ബി.ജെ.പിയോട് ഉപാധി വച്ചെന്ന് റിപ്പോർട്ട്. ആവശ്യപ്പെടുന്നത് സ്പീക്കർ പദവിയും സുപ്രധാന വകുപ്പുകളുള്ള മന്ത്രിസ്ഥാനങ്ങളുമാണ്.
ഒന്നും രണ്ടും മോദി സർക്കാരിൽ ബി.ജെ.പി കൈവശം വച്ച ലോക്സഭാ സ്പീക്കർ പദവി വേണമെന്നാണ് ടി.ഡി.പിയുടെ മുഖ്യ ഉപാധി. ടി.ഡി.പി നേതാവ് ജി.എം.സി. ബാലയോഗി വാജ്പേയി സഖ്യസർക്കാരിൽ സ്പീക്കർ ആയിരുന്നത് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. നിതീഷ് മൂന്ന് കാബിനറ്റ് മന്ത്രിമാരെ ആവശ്യപ്പെട്ടു. ആന്ധ്രയ്ക്കും ബീഹാറിനും പ്രത്യേക പദവിയാണ് മറ്റൊരു പ്രധാന ഉപാധി.നിർണായകമായ സ്പീക്കർ സ്ഥാനം ബി.ജെ.പി സഖ്യകക്ഷിക്ക് വിട്ടുകൊടുക്കുമോയെന്ന് ഉറപ്പില്ല.
7ന് സഖ്യകക്ഷി നേതാക്കൾക്കൊപ്പം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കും. നിലവിലെ സ്ഥാനം ഒഴിഞ്ഞുകൊണ്ട് ഇന്നലെ രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയിരുന്നു.
ശിവസേന, ഒറ്റ എം. പിയുള്ള (ജിതൻ റാം മാഞ്ചി ) ഹിന്ദുസ്ഥാനി അവാം മോർച്ച അടക്കം കക്ഷികളും സുപ്രധാന വകുപ്പുകളിൽ കാബിനറ്റ്, സഹമന്ത്രി സ്ഥാനങ്ങളും ആവശ്യപ്പെട്ടു.
240 സീറ്റുള്ള ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ ടി.ഡി.പി (16), ജെ.ഡി.യു (12) അടക്കം സഖ്യകക്ഷികളുടെ പിന്തുണ അനിവാര്യമാണ്. ഇവരെ 'ഇന്ത്യ" മുന്നണി അടർത്താതെ നോക്കുകയും വേണം. മന്ത്രിമാരെ നിശ്ചയിക്കാൻ അമിത് ഷാ, രാജ്നാഥ് സിംഗ്, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി.നദ്ദ എന്നിവർ സഖ്യകക്ഷി നേതാക്കളുമായി ചർച്ച നടത്തും.
ജനജീവിത നിലവാരം
ഉയർത്താൻ നടപടി
മോദി സർക്കാർ നടപ്പാക്കിയ ജനപക്ഷ നയങ്ങൾ വികസനം കൊണ്ടുവന്നതായി ഇന്നലെ യോഗം പാസാക്കിയ പ്രമേയത്തിൽ പറയുന്നു
ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുള്ള ശ്രമങ്ങളിൽ ഉറച്ചു നിൽക്കും. അധഃസ്ഥിതർ, സ്ത്രീകൾ, യുവജനങ്ങൾ, കർഷകർ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവരെ സേവിക്കാൻ പ്രതിഞ്ജാബദ്ധമാണ്
യോഗത്തിൽ ചന്ദ്രബാബു നായിഡുവും നിതീഷും അടക്കം 18 സഖ്യകക്ഷി നേതാക്കൾ സർക്കാരിനുള്ള പിന്തുണ രേഖാമൂലം നൽകി. തുടർന്ന് മോദിയെ നേതാവായി തിരഞ്ഞെടുത്ത് പ്രമേയം പാസാക്കി
പ്രധാനമന്ത്രിയുടെ ഇടതു വശത്തായായിരുന്നു നായിഡുവിനും നിതീഷിനും ഇരിപ്പിടം. എച്ച്.ഡി. കുമാരസ്വാമി, പവൻ കല്യാൺ, ജിതൻറാം മാഞ്ചി, ചിരാഗ് പാസ്വാൻ, ഏക്നാഥ് ഷിൻഡെ, പ്രഫുൽ പട്ടേൽ തുടങ്ങിയവരും പങ്കെടുത്തു.
ഉപാധികൾ
സ്പീക്കർ പദവി
സുപ്രധാന മന്ത്രി പദവികൾ
ആന്ധ്രയ്ക്കും ബീഹാറിനും പ്രത്യേക പദവി
സുരേഷ് ഗോപി കാബിനറ്റ്
റാങ്കുള്ള മന്ത്രിയായേക്കും
കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്ന സുരേഷ് ഗോപി മന്ത്രിയാകുമെന്ന് ഉറപ്പാണ്. കാബിനറ്റ് റാങ്ക് ലഭിക്കുമെന്നാണ് സൂചന. ബി.ജെ.പി കൈകാര്യം ചെയ്ത ആഭ്യന്തരം, ധനകാര്യം, റോഡ്, റെയിൽവേ വകുപ്പുകൾ സഖ്യകക്ഷികൾ അവകാശപ്പെട്ടെന്നാണ് സൂചന. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം വകുപ്പുകൾ ബി.ജെ.പി വിട്ടു കൊടുക്കില്ല.
റോഡ് ഗതാഗതം, ഗ്രാമവികസനം,വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിട-നഗരകാര്യം, കൃഷി, ജലശക്തി, ഐടി ആൻഡ് ടെലികോം എന്നിവയിൽ കാബിനറ്റ് റാങ്കും ധനകാര്യത്തിൽ സഹമന്ത്രി സ്ഥാനവുമാണ് ചന്ദ്രബാബുനായിഡു ആവശ്യപ്പെടുന്നത്.
ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടർന്നേക്കും. രാജ്നാഥ് സിംഗ്, നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി, എസ്.ജയശങ്കർ, അശ്വനി വൈഷ്ണവ്, പിയൂഷ് ഗോയൽ, രവിശങ്കർ പ്രസാദ്, കിരൺ റിജിജു, ധർമ്മേന്ദ്ര പ്രധാൻ, ജിതേന്ദ്ര സിംഗ്, ഭൂപേന്ദ്ര യാദവ്, ഹർദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ തുടർന്നേക്കും. എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ, എച്ച്.എ.എം നേതാവ് ജിതൻ റാം മാഞ്ചി തുടങ്ങിയ സഖ്യ കക്ഷി മന്ത്രിമാരുമുണ്ടാകും.
ഇന്ത്യ മുന്നണി പ്രതിപക്ഷത്ത് ഇരിക്കും
ന്യൂഡൽഹി: സർക്കാർ രൂപീകരണ ശ്രമങ്ങളിൽ നിന്ന് പിൻമാറി പ്രതിപക്ഷത്തിരിക്കാൻ പ്രതിപക്ഷ 'ഇന്ത്യ" മുന്നണി. ഇന്നലെ ഡൽഹിയിൽ ചേർന്ന മുന്നണി യോഗത്തിന്റേതാണ് തീരുമാനം. അനുയോജ്യമായ സമയത്ത് അനുയോജ്യ തീരുമാനമെടുക്കുമെന്ന് മാത്രമാണ് രണ്ടുമണിക്കൂർ നീണ്ട യോഗത്തിന് ശേഷം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അറിയിച്ചത്. മുന്നണിക്ക് നൽകിയ പിന്തുണയ്ക്ക് ജനങ്ങൾക്ക് നന്ദി പ്രകടിപ്പിച്ചു.
ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നുറപ്പായതിന് പിന്നാലെ 'ഇന്ത്യ" നേതാക്കൾ ചന്ദ്രബാബു നായിഡുവിനെയും നിതീഷ്കുമാറിനെയും ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |