കാൻബെറ: ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് 17 മണിക്കൂറിനുള്ളിൽ കുഞ്ഞിന് ജന്മം നൽകിയതായി യുവതി. ഓസ്‌ട്രേലിയയിൽ നിന്നുള്ള 20കാരിയായ ഷാർലറ്റ് സമ്മേഴ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ക്രിപ്‌റ്റിക് പ്രഗ്നൻസി' എന്ന അപൂർവ അവസ്ഥയായിരുന്നു യുവതിക്കെന്നാണ് ഡോക്‌ടർമാർ വ്യക്തമാക്കുന്നത്. ഗർഭാവസ്ഥയുടെ ഏറ്റവും അവസാനമോ പ്രസവവേദന അനുഭവപ്പെടുമ്പോഴോ മാത്രം ഗർഭിണിയാണെന്ന് തിരിച്ചറിയുന്ന അവസ്ഥയാണിത്.
ടിക് ടോക്കിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. 'ശരീരത്തിൽ മാറ്റങ്ങൾ പ്രകടമായിരുന്നുവെങ്കിലും ഗർഭിണി ആണെന്ന് മനസിലായില്ല. രണ്ടര വർഷമായി പ്രണയത്തിലാണ്. ജീവിതം സന്തോഷമായി പോകുന്നതുകൊണ്ടാകാം ശരീരഭാരം കൂടിയത് എന്ന് കരുതി. ജൂൺ ആറിന് ഒരു ഡോക്‌ടറെ കണ്ടു. ഡോക്‌ടറാണ് ഗർഭിണി ആണോയെന്ന് പരിശോധന നടത്താമെന്ന് അഭിപ്രായപ്പെട്ടത്. ഫലം പോസിറ്റീവ് ആയിരുന്നു. മാത്രമല്ല, ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലാണെന്നും പറഞ്ഞു. തുടർന്ന് നടത്തിയ അൾട്രാസൗണ്ട് സ്‌കാനിംഗിൽ 38 ആഴ്‌ചയും നാല് ദിവസവും ഗർഭിണിയാണെന്ന് കണ്ടെത്തി. ഒരു നിമിഷം ബോധം പോകുന്നതുപോലെ തോന്നി. പിന്നെയെല്ലാം തിടുക്കത്തിലായിരുന്നു.
മറുപിള്ള മുൻവശത്തായിരുന്നതും ഗർഭാവസ്ഥയെ മറച്ചു. ഗർഭനിരോധന മാർഗങ്ങൾ പതിവായി ഉപയോഗിക്കുമായിരുന്നു. പതിവായി ആർത്തവമുണ്ടെന്നും വിശ്വസിച്ചു. ഇക്കാരണങ്ങൾ മൂലമാകാം ഗർഭം തിരിച്ചറിയാൻ സാധിക്കാതെ വന്നത്. കുഞ്ഞിന് ചുറ്റും ദ്രാവകങ്ങൾ ഇല്ലായിരുന്നുവെന്നും ഡോക്‌ടർമാർ അറിയിച്ചു. രണ്ട് മണിക്കൂറിനുശേഷം ഞാൻ പ്രസവിച്ചു'- യുവതി അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഡോക്‌ടർമാർ പറഞ്ഞു.
'ക്രിപ്‌റ്റിക് പ്രഗ്നൻസി' അപൂർവമായി സംഭവിക്കുന്ന ഒന്നാണ്. ലക്ഷണങ്ങൾ കുറവായതിനാലാണ് ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ, സ്ത്രീകൾക്ക് രക്തസ്രാവം ഉണ്ടാകാറുണ്ട്. കുഞ്ഞിന്റെ ചലനം വളരെ കുറവായിരിക്കും. അല്ലെങ്കിൽ ഒട്ടും അനുഭവപ്പെടില്ല. ഭാരം വയ്ക്കുന്നതും വളരെ കുറവായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |