അമേരിക്കയിൽ നിന്നുള്ള അമിത തീരുവ കാരണം വലിയ വെല്ലുവിളിയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും ഏഷ്യൻ രാജ്യമായ ജപ്പാനുമൊക്കെയാണ് ഇന്ന് ലോകത്തെ വലിയ സാമ്പത്തിക ശക്തികളായി ഉയർന്നുവന്നിരിക്കുന്നത്.പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴാണ് ഒരു വ്യക്തിയുടെ ആയാലും രാജ്യത്തിന്റെയായാലും യഥാർത്ഥ കഴിവുകൾ പുറത്തുവരിക. 27-ാം തീയതി അമേരിക്ക ഉയർത്തിയ വെല്ലുവിളി ശക്തമായി മറികടക്കാൻ തന്നെയാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
ജപ്പാൻ സന്ദർശനത്തിന്റെ രണ്ടാം ദിവസം രാജ്യത്തെ പ്രശസ്തമായ ബുള്ളറ്റ് ട്രെയിനുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്‌ക്കൊപ്പം യാത്ര ചെയ്തു. യാത്രയ്ക്ക് മുന്നോടിയായി ജപ്പാനിൽ പരിശീലനം നേടിയ ഇന്ത്യൻ ലോക്കോ പൈലറ്റുമാരുമായും മോദി കൂടിക്കാഴ്ച നടത്തി. നമ്മുടെ രാജ്യത്തും ഇത്തരത്തിലൊരു റെയിൽ പദ്ധതി എല്ലാവരും കാത്തിരിക്കുകയാണ്.
2017 സെപ്തംബറിൽ പ്രധാനമന്ത്രി മോദിയും അന്നത്തെ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയും ഗുജറാത്തിലെ സബർമതിയിൽ തറക്കല്ലിട്ടപ്പോഴാണ് മുംബയ്-അഹമ്മദാബാദ് അതിവേഗ റെയിലിന്റെ (MAHSR) പദ്ധതിക്ക് ആരംഭം കുറിച്ചത്. ഇപ്പോഴിതാ ഷിങ്കൻസെൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മുംബയ്ക്കും അഹമ്മദാബാദിനും ഇടയിൽ ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴി നിർമ്മിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പു വച്ചിരിക്കുകയാണ് ഇന്ത്യയും ജപ്പാനും.
ചൈന, ദക്ഷിണ കൊറിയ, തുർക്കി, സ്പെയിൻ, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, ബെൽജിയം എന്നിവയാണ് ഹൈസ്പീഡ് ട്രെയിൻ സർവീസുകൾ നടത്തുന്ന മറ്റ് രാജ്യങ്ങൾ. മണിക്കൂറിൽ 250 കിലോമീറ്റർ കൂടുതൽ വേഗതയിലാണ് ഒരു ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുന്നത്. ഇതിനായി പ്രത്യേക ട്രാക്കുകളിലൂടെ വേണം ഓടേണ്ടത്. ജപ്പാനിലെ പ്രശസ്തമായ ചെറി ബ്ലോസം അഥവാ സകുരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് E10 സീരീസിന്റെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ട്രെയിനുകൾ ഭൂകമ്പ പ്രതിരോധശേഷിയുള്ളവയാണെന്നുള്ളതും ഇവയുടെ പ്രധാന സുരക്ഷാ സവിശേഷതയാണ്.
ഭൂകമ്പ മറ്റും ഉണ്ടാകുമ്പോൾ E10 സീരിസ് ട്രെയിനുകൾ 'L- ആകൃതിയിലുള്ള ഗൈഡുകൾ ഉപയോഗിച്ചാണ് നിർത്താൻ സഹായിക്കുന്നത്. ഇവ കുലുക്കം കുറയ്ക്കുകയും കേടുപാടുകൾ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. പാളം തെറ്റിയാൽ സുരക്ഷ ഉറപ്പാക്കുന്ന ലാറ്ററൽ ഡാംപറുകളും ഇതിലുണ്ട്. പഴയ E5 സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യയ്ക്കായി ഡിസൈൻ ചെയ്തിരിക്കുന്ന ട്രെയിനുകളിൽ കൂടുതൽ ലഗേജ് സ്പെയിസ്, വീൽചെയർ ഉപയോഗിക്കുന്നവർക്കായി പ്രത്യേക വിൻഡോ സീറ്റുകൾ, യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് മാറ്റാൻ കഴിയുന്ന പുതിയ ലേഔട്ടുകളായിരിക്കും ഇവയിൽ ഉണ്ടാകുക.
ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി വികസിപ്പിച്ചെടുത്ത E10 ന് E5 ന് സമാനമായി മണിക്കൂറിൽ 320 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. എന്നിരുന്നാലും, E10 ന്റെ വേഗത പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു പ്രധാന മാറ്റം ബ്രേക്കിംഗ് സംവിധാനമാണ്. E10 ന് പരമാവധി 3.4 കിലോമീറ്ററിൽ നിർത്താനാകും, എന്നാൽ E5 ന് നാല് കിലോമീറ്റർ ആവശ്യമാണ്. ഭൂകമ്പ സാദ്ധ്യതയുള്ള തിരക്കേറിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ റൂട്ടുകളുള്ള ഇന്ത്യയ്ക്ക് ഇത് പ്രധാനമാണ്.
കൂടുതൽ കാര്യക്ഷമവും പൂർണ്ണമായും ഓട്ടോമേറ്റഡായി നവീകരിച്ച എഞ്ചിനുകളുമായാണ് E10 വരുന്നത്. E10 ജപ്പാനിലെ E5, E2 മോഡലുകളെ മാറ്റിസ്ഥാപിക്കും. 2030 ഓടെയയിരിക്കും E10 അതിവേഗ സർവീസ് ആരംഭിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുവരെ ഒരു E5, ഒരു E3 സെറ്റുകളാണ് ജപ്പാൻ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിനുകളിൽ E5 നേക്കാൾ വലിയ സീറ്റുകൾ, ലെതർ റിക്ലൈനറുകൾ, ഫോൾഡ്-ഔട്ട് ഡെസ്കുകൾ, ഓൺബോർഡ് വൈ-ഫൈ എന്നിവയുള്ള പ്രീമിയം ബിസിനസ് ക്ലാസ് എന്നിവ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പച്ച നിറത്തിലുള്ള ഷേഡുകളുള്ള ട്രെയിനുകളാകും ഇന്ത്യയിലുണ്ടാകുക.
ഇരു രാജ്യങ്ങളും അടുത്ത തലമുറയിൽ E10 ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിച്ചേക്കാമെന്നാണ് സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബുള്ളറ്റ് ട്രെയിൻ കോച്ചുകളുടെ ഉത്പാദനം കാണാൻ പ്രധാനമന്ത്രി മോദിയും ഇഷിബയും സെൻഡായിയിലെ തോഹോകു ഷിങ്കൻസെൻ പ്ലാന്റ് സന്ദർശിക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |