ബംഗളൂരു: ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ പൊതു ഇടങ്ങളിലെ സ്നേഹപ്രകടനങ്ങൾ പലപ്പോഴും അംഗീകരിക്കാറില്ല. പൊതുഇടങ്ങളിൽ കമിതാക്കൾ കെട്ടിപ്പുണർന്നിരിക്കുന്നതും ചുംബിക്കുന്നതുമൊക്കെ വലിയൊരു പാപമായിട്ടാണ് പലരും കാണുന്നത്. അങ്ങനെ കാണ്ടാൽ ,സദാചരം പറഞ്ഞ് കമിതാക്കളെ അടിച്ചോടിക്കുന്നവരും കുറവല്ല. ഇപ്പോഴിതാ ബംഗളൂരുവിലെ ഒരു ഓട്ടോറിക്ഷയിൽ കമിതാക്കൾക്ക് വേണ്ടി സ്ഥാപിച്ച ഡ്രൈവറുടെ മുന്നറിയിപ്പ് നോട്ടീസാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
തന്റെ ഓട്ടോയിൽ യാത്ര ചെയ്യുന്ന കമിതാക്കൾ ചുംബിക്കുകയോ, കെട്ടിപ്പിടിക്കുകയോ, കൈകോർക്കുകയോ ചെയ്യരുതെന്നാണ് ഡ്രൈവറുടെ മുന്നറിയിപ്പ്. തമാശരൂപേണയാണെന്ന് തോന്നുമെങ്കിലും വളരെ വ്യക്തമായിട്ടാണ് ഇയാൾ ഓട്ടോയിൽ മുന്നറിയിപ്പ് നോട്ടീസ് സ്ഥാപിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ ഒരു സ്വകാര്യ ഇടമല്ലെന്നും, റൊമാൻസിനുള്ള സ്ഥലമല്ലെന്നും യാത്രക്കാരെ ഓർമ്മിപ്പിക്കുന്നതായിരുന്നു അതിൽ പറഞ്ഞിരിക്കുന്നത്.
ഓട്ടോയുടെ പിൻസീറ്റിൽ ലാമിനേറ്റ് ചെയ്താണ് ഇയാൾ മുന്നറിയിപ്പ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. ഈ ഓട്ടോയിൽ യാത്രചെയ്ത ഒരു യാത്രക്കാരനാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഫോട്ടോ പങ്കുവച്ചത്. 'റൊമാൻസ് വേണ്ട. ഇതൊരു ക്യാബാണ്. ഞങ്ങളുടെ സ്വകാര്യ സ്ഥലം, അല്ലാതെ ഓയോ അല്ല, അതിനാൽ ദയവായി അകലം പാലിച്ച് , ശാന്തരായിരിക്കുക. ബഹുമാനം നൽകിയാൽ തിരിച്ചും ബഹുമാനം കിട്ടും.' -നോട്ടീസിൽ കുറിച്ചിരിക്കുന്നു.
അതേസമയം ഡ്രൈവറുടെ വിചിത്രമായ നിയമം സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുകയാണ്. യാത്രക്കാരൻ പങ്കുവച്ച ഫോട്ടോ വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ഡ്രൈവറുടെ നോട്ടീസിനോട് സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് പ്രതികരിച്ചത്.
'ഇതദ്ദേഹത്തിന്റെ വണ്ടിയാണ്. മോശമായ കാര്യങ്ങൾ വേണ്ടെന്ന് വയ്ക്കാൻ അയാൾക്ക് അവകാശമുണ്ട്'- ഒരാൾ കമന്റ് ചെയ്തു. 'ഇത്തരം പ്രവൃത്തികൾ ഓട്ടോയിൽ വച്ച് കണ്ടിട്ടായിരിക്കാം അദ്ദേഹം ഈ നോട്ടീസ് വച്ചത്," മറ്റൊരാൾ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |