
2025ല്‍ റിപ്പോ നിരക്ക് 1.25 ശതമാനം കുറഞ്ഞു
കൊച്ചി: രാജ്യത്തെ വായ്പാ ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്ന വര്‍ഷമാണ് കടന്നുപോകുന്നത്. നാണയപ്പെരുപ്പ ഭീഷണി ശക്തമായതോടെയാണ് കൊവിഡിന് ശേഷം റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തിയത്. സാമ്പത്തിക രംഗത്ത് തളര്‍ച്ച ശക്തമായതോടെ കഴിഞ്ഞ വര്‍ഷം പലിശ കുറയ്ക്കാന്‍ സമ്മര്‍ദ്ദമേറിയെങ്കിലും റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വഴങ്ങിയിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി സഞ്ജയ് മല്‍ഹോത്ര കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26ന് ചുമതലയേറ്റെടുത്തതിന് ശേഷം നയ സമീപനത്തില്‍ കാതലായ വ്യത്യാസമുണ്ടായി. സഞ്ജയ് മല്‍ഹോത്രയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഫെബ്രുവരിയിലെ ആദ്യ ധന അവലോകന നയത്തില്‍ തന്നെ മുഖ്യ നിരക്കായ റിപ്പോ കാല്‍ ശതമാനം കുറച്ചു. നടപ്പുവര്‍ഷം തുടങ്ങുമ്പോള്‍ റിപ്പോ 6.5 ശതമാനമായിരുന്നു.
ഏപ്രിലില്‍ നടന്ന ധന നയ യോഗത്തിലും കാല്‍ ശതമാനം കുറവുണ്ടായി. ജൂണിലെ നയത്തില്‍ അപ്രതീക്ഷിതമായി അര ശതമാനം പലിശയിളവ് പ്രഖ്യാപിച്ച് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് സൃഷ്ടിക്കാനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഊര്‍ജിതമാക്കി. ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടന്ന ഈ വര്‍ഷത്തെ അവസാന ധന നയത്തില്‍ കാല്‍ ശതമാനം കൂടി കുറച്ചതോടെ റിപ്പോ നിരക്ക് 5.25 ശതമാനത്തിലേക്ക് താഴ്ന്നു.
കഴിഞ്ഞ വര്‍ഷം സാമ്പത്തിക മേഖലയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ച നാണയപ്പെരുപ്പം പൂര്‍ണമായും നിയന്ത്രണ വിധേയമായതാണ് പലിശ കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ സഹായിച്ചത്.
ഉപഭോക്താക്കള്‍ക്ക് ആശ്വാസം
നടപ്പുവര്‍ഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഒന്നേകാല്‍ ശതമാനം കുറച്ചതോടെ ഭവന, വാഹന, വ്യക്തിഗത, സ്വര്‍ണ, കോര്‍പ്പറേറ്റ് വായ്പകളെടുത്ത ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമാണ് ലഭിച്ചത്. വായ്പകളുടെ പ്രതിമാന തിരിച്ചടവ് തുക(ഇ.എം.ഐ) ബാങ്കുകള്‍ കുത്തനെ കുറച്ചു. ഇരുപത് വര്‍ഷ കാലാവധിയിലുള്ള മുപ്പത് ലക്ഷം രൂപയുടെ ഭവന വായ്പയുടെ പലിശയില്‍ പ്രതിവര്‍ഷം 22,776 രൂപയുടെ കുറവാണുണ്ടായത്. മൂന്ന് ലക്ഷം രൂപയുടെ വാഹന വായ്പകളുടെ പലിശയിനത്തില്‍ പ്രതിവര്‍ഷം 3,700 രൂപ വരെ ലാഭമുണ്ട്.
നിക്ഷേപങ്ങളുടെയും പലിശ താഴേക്ക്
റിസര്‍വ് ബാങ്ക് നടപടി ബാങ്കുകളില്‍ സ്ഥിര നിക്ഷേപം നടത്തിയവര്‍ക്ക് നഷ്ടക്കച്ചവടമാണ്. വിവിധ കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ പലിശ വാണിജ്യ ബാങ്കുകള്‍ 0.5 ശതമാനം മുതല്‍ ഒരു ശതമാനം വരെ കുറച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |