
മുംബയ്: ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അദ്ദേഹത്തിന്റെ സ്റ്റൈലിലാണ് കളിക്കേണ്ടതെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഓപ്പണിംഗ് ബാറ്ററുടെ റോളിൽ സഞ്ജു സാംസണെപ്പോലെ കളിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20യിൽ സഞ്ജു സാംസണെ മാറ്റിയാണ് അഭിഷേക് ശർമ്മയ്‌ക്കൊപ്പം ശുഭ്മാൻ ഗില്ലിനെ ഇന്ത്യയുടെ ഓപ്പണറായി ഇറക്കിയത്. ഈ മത്സരത്തിൽ ഗിൽ നാല് റൺസ് മാത്രമെടുത്താണ് പുറത്തായത്. ഇതോടെ ഗില്ലിനെതിരെ വിമർശനവും പരിഹാസവും ഉയർന്നിരുന്നു.
'ശുഭ്മാൻ ഗില്ലിന്റെ റോൾ എന്താണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അഭിഷേക് ശർമ്മ കളിക്കുന്നത് പോലെ കളിക്കാനാണ് ഗിൽ ആഗ്രഹിക്കുന്നത്. ആദ്യ പന്തിൽ ബൗണ്ടറി നേടി. പിന്നാലെ സ്റ്റെപ്പ് ഔട്ട് ചെയ്ത് മുന്നോട്ടിറങ്ങി. മത്സരത്തിന്റെ ആദ്യ ഓവറാണത്. ഇങ്ങനെയായിരുന്നില്ല ഗിൽ കളിച്ചുകൊണ്ടിരുന്നത്. ആദ്യമായാണ് ട്വന്റി 20 ക്രിക്കറ്റിൽ ഇങ്ങനെ ഒരു കാര്യം അദ്ദേഹം ചെയ്യുന്നത്.
സഞ്ജുവിനെയോ അഭിഷേക് ശർമ്മയെ പോലെ കളിക്കേണ്ട ആവശ്യമില്ല. നമുക്ക് അറിയാവുന്ന ഗില്ലായി മാത്രം കളിച്ചാൽ മതി. ഒരു വ്യത്യസ്തയ്ക്ക് വേണ്ടി അദ്ദേഹം ശ്രമിക്കേണ്ടതില്ല. ടീമിൽ സ്ഥിരം സ്ഥാനം ഉറപ്പിച്ച ക്യാപ്റ്റനാണ് ഗിൽ. ഇപ്പോൾ ബെഞ്ചിലിരിക്കുന്ന സഞ്ജു സാംസണെ പോലെ ആക്രമിച്ച് കളിക്കാനാണ് ഗിൽ ശ്രമിക്കുന്നത് എന്നാണ് എനിക്ക് മനസിലാകുന്നത്. അദ്ദേഹം സ്വന്തം കഴിവുകളിൽ ഉറച്ചുനിന്ന് സ്‌കോർ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്'- ഇർഫാൻ പഠാൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |