
ന്യൂഡൽഹി: മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരി ഓടുന്ന ബൈക്കിൽ നിന്ന് താഴെ വീഴാതിരിക്കാൻ റാപ്പിഡോ റൈഡർ നടത്തിയ സാഹസിക ശ്രമമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രാജ്യതലസ്ഥാനത്ത് രാത്രിയിലാണ് സംഭവം. രാത്രിയിൽ ഇത്തരം സംഭവങ്ങൾ അബദ്ധവശാൽ ഉണ്ടായാൽ യാത്രക്കാരുടെ സുരക്ഷയും പൊതുജനങ്ങളുടെ ഇടപെടലിനെക്കുറിച്ചും ഒട്ടേറെ ചോദ്യങ്ങളാണ് ഉയരുന്നത്. ഇൻസ്റ്റാഗ്രാമിലെ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്.
മദ്യപിച്ച് ബോധമില്ലാതിരുന്ന യുവതി റാപ്പിഡോ ബൈക്കിന്റെ പിന്നിൽ യുവാവിന്റെ ചുമലിലേക്ക് ചാരിയിരിക്കുന്നത് കാണാം. കുറച്ചു കഴിഞ്ഞാൽ യുവതി പതിയെ ഒരു വശത്തേക്ക് ചരിഞ്ഞ് റോഡിലേക്ക് വീഴാറായപ്പോൾ, റൈഡർ ഒരു കൈകൊണ്ട് യുവതിയെ താങ്ങിനിർത്താൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ', താഴെ വീഴട്ടെ, അവരെ വിട്ടേക്ക്' എന്ന് പറയുന്നതും വീഡയോയിൽ കേൾക്കാം. എന്നാൽ റൈഡർ യുവതിയെ വിളിച്ചുണർത്തി നേരെ ഇരിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവർ പ്രതികരിക്കുന്നില്ല.
ഒടുവിൽ യുവതി ബാലൻസ് തെറ്റി താഴെ വീഴുന്ന ഘട്ടത്തമെത്തിയപ്പോൾ സമയോചിതമായ ഇടപെടലിലൂടെ റോഡിലേക്ക് വീഴാതെ യുവതിയെ താങ്ങി നിർത്തുകയും വലിയൊരു അപകടം ഒഴിവാക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ പലതരത്തിലുള്ള ആശങ്കകളാണ് പലരും പങ്കുവച്ചത്.
യുവതിയുടെ അവസ്ഥയെക്കുറിച്ചും ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരുന്ന ബൈക്ക് ടാക്സി ഡ്രൈവർമാരുടെ സുരക്ഷയെക്കുറിച്ചും പലരും ആശങ്കയറിയിച്ചു. ചിലർ ഉടൻ സഹായം തേടണമായിരുന്നു എന്ന് വാദിച്ചപ്പോൾ, മറ്റു ചിലർ ഡൽഹി പൊലീസിനെ ടാഗ് ചെയ്ത് 'ഈ യുവതി പിന്നീട് സുരക്ഷിതമായി വീട്ടിലെത്തയോ?' എന്ന് അന്വേഷിച്ചു. സംഭവത്തിന് ശേഷം എന്തുണ്ടായി എന്ന് ഔദ്യോഗികമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |