ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യാത്തവർ വളരെ ചുരുക്കമായിരിക്കും. ഒറ്റ ക്ലിക്കിൽ ഭക്ഷണം നമ്മുടെ വീട്ടുപടിക്കലെത്തും. അതിനാൽത്തന്നെ പോയി വാങ്ങാൻ പോലും മിക്കവർക്കും മടിയാണ്. എന്നാൽ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ സൂക്ഷിക്കണമെന്നാണ് പുതിയ റിപ്പോർട്ടകൾ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പ് നടക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു വ്‌ളോഗർ.
കഴിഞ്ഞ ദിവസം സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയ്തപ്പോഴുണ്ടായ അനുഭവമാണ് യുവതി ഇൻസ്റ്റഗ്രാം വീഡിയോയിൽ പങ്കുവച്ചിരിക്കുന്നത്. 'ഞങ്ങൾ സ്വിഗ്ഗിയിൽ നിന്ന് പിസ്സ ഓർഡർ ചെയ്തു. 15 - 20 മിനിറ്റിനുശേഷം ഡ്രൈവർ അപകടത്തിൽപ്പെട്ടെന്നും റസ്റ്റോറന്റിൽ നിന്ന് നേരിട്ട് ഓർഡർ എത്തിക്കുമെന്നും പറഞ്ഞുകൊണ്ട് കോൾ എത്തി. തുടർന്ന് ഞങ്ങൾ സ്വിഗ്ഗിയെ ബന്ധപ്പെട്ടു. നിങ്ങളുടെ ഓർഡർ എത്തിക്കാൻ കഴിയില്ലെന്നും അതിനാൽ തുക റീഫണ്ട് ചെയ്യാമെന്നും അവർ പറഞ്ഞു. തൽക്ഷണം മുഴുവൻ തുകയും ലഭിച്ചു.
എന്നാൽ പിന്നീട് നടന്നത് ഞങ്ങളെ അമ്പരപ്പിച്ചു. ഡെലിവറി ബോയ് ഭക്ഷണവുമായി വീടിന് പുറത്ത് നിൽക്കുന്നുണ്ടെന്ന് പറഞ്ഞ് ഒരു കോൾ ലഭിച്ചു. ഇത് ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കി. പണം റീഫണ്ട് ചെയ്തിട്ടുണ്ടെന്നും, അത് തിരിച്ചയക്കണമെന്നും പറഞ്ഞ് ക്യൂ ആർ കോഡ് കാണിച്ചു.
ഭാഗ്യവശാൽ, സംശയം തോന്നി ഉടൻ തന്നെ റസ്റ്റോറന്റുമായി ബന്ധപ്പെട്ടു, അവർ നേരിട്ട് ഡെലിവറി ചെയ്യുന്നില്ലെന്ന് മനസിലാക്കി. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യരുതെന്ന് റസ്റ്റോറന്റ് മാനേജർ തങ്ങളോട് പറഞ്ഞെന്നും യുവതി വ്യക്തമാക്കി. തന്റെ പോസ്റ്റ് ഏതെങ്കിലും ഓൺലൈൻ പ്ലാറ്റ് ഫോമിനെ അപകീർത്തിപ്പെടുത്താനുള്ളതല്ലെന്നും യുവതി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |