
ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്തേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളി. ഇന്ത്യയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ഐസിസി, ബംഗ്ലാദേശ് ടീമിന് നേരിട്ടുള്ള ഭീഷണികളൊന്നും രാജ്യത്തില്ലെന്നും വ്യക്തമാക്കി.
ഐപിഎല്ലിൽ നിന്നും മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ബിസിസിഐ നിർദ്ദേശിച്ചതിനെത്തുടർന്ന് ബംഗ്ലാദേശിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ ബംഗ്ലാദേശ് സർക്കാർ രാജ്യത്ത് ഐപിഎൽ സംപ്രേക്ഷണം നിരോധിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ കളിക്കില്ലെന്ന കടുത്ത നിലപാടിലേക്ക് ബംഗ്ലാദേശ് നീങ്ങിയത്.
ബംഗ്ലാദേശ് ടീമിനും താരം മുസ്തഫിസുർ റഹ്മാനും ഇന്ത്യയിൽ സുരക്ഷാ ഭീഷണിയുണ്ടെന്നും, അതിനാൽ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് കായിക മന്ത്രാലയം ഉപദേഷ്ടാവ് ആസിഫ് നസ്രുൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദം പൂർണമായും ശരിയല്ലെന്നാണ് ഐസിസി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സുരക്ഷാ വിദഗ്‌ദ്ധർ നടത്തിയ പരിശോധനയിൽ കൊൽക്കത്തയിലും മുംബയിലുമുള്ള മത്സരങ്ങൾക്ക് യാതൊരു തടസവുമില്ലെന്നാണ് കണ്ടെത്തൽ.
ഇന്ത്യയിലെ സുരക്ഷാ നിലവാരം 'ലോ ടു മോഡറേറ്റാണ്. ഇത് ലോകത്തെ പ്രധാന കായിക മാമാങ്കങ്ങൾക്ക് സാധാരണയായി നൽകാറുള്ള സുരക്ഷാ റേറ്റിംഗാണ്. ബംഗ്ലാദേശ് ഉദ്യോഗസ്ഥർക്കോ താരങ്ങൾക്കോ പ്രത്യേക ഭീഷണി നിലനിൽക്കുന്നില്ല. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ സമയക്രമത്തിൽ മാറ്റം വരുത്താമനും സാദ്ധ്യതയില്ല. ബിസിസിഐയുമായി ചേർന്ന് മികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം സ്വന്തം രാജ്യത്തെ സർക്കാർ കടുത്ത നിലപാടെടുക്കുമ്പോൾ, ലോകകപ്പ് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ബംഗ്ലാദേശ് താരങ്ങൾ.
ഇത്തരം സമീപനങ്ങൾ ഭാവിയിൽ തിരിച്ചടിയാകുമെന്ന് മുൻ ക്യാപ്ടൻ ഇക്ബാലും നിലവിലെ ടെസ്റ്റ് ക്യാപ്ടൻ നജ്‌മുൽ ഹുസൈൻ ഷാന്റോയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാനസികമായി വലിയ സമ്മർദ്ദത്തിലൂടെയാണ് താരങ്ങൾ കടന്നുപോകുന്നതെന്ന് ഷാന്റോ വ്യക്തമാക്കി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി മത്സരങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഐസിസി നിലപാട് വ്യക്തമാക്കിയതോടെ ബംഗ്ലാദേശ് ഇന്ത്യയിലെത്താതെ മറ്റ് വഴികളില്ലെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |