
തിരുവനന്തപുരം: കരമന-കളിയിക്കാവിള റോഡിലെ പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹിതമായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കർശന നടപടിക്ക് ഉത്തരവിട്ടു. പ്രാവച്ചമ്പലം, വെള്ളായണി, നേമം ജംഗ്ഷനുകളിലെ സിഗ്നൽ തകരാറിനെക്കുറിച്ച് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറെ നിയോഗിച്ച് അന്വേഷണം നടത്താൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകി.
ദീർഘകാലമായി സിഗ്നലുകൾ കത്താതിരുന്നതിന്റെ ഉത്തരവാദികൾ ആരെന്ന് കണ്ടെത്തണം. ഇവ ഭാവിയിൽ തകരാറിലാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണം. ബ്ലാക്ക് സ്‌പോട്ടുകൾ പരിശോധിക്കണം.
റോഡിലെ സീബ്രാലൈനുകൾ വ്യക്തമാണോ എന്ന് പരിശോധിക്കണം. അപകടങ്ങൾ പതിവായ സ്ഥലങ്ങളിൽ 'ബ്ലാക്ക് സ്‌പോട്ടുകൾ' കണ്ടെത്തി സുരക്ഷാ നടപടികൾ ഉറപ്പാക്കണം. ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് സിറ്റി പൊലീസ് മേധാവി കമ്മീഷന് കൈമാറണം. കൂടാതെ സിഗ്നൽ ലൈറ്റുകളുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് കെൽട്രോൺ പ്രത്യേക റിപ്പോർട്ടും നൽകണം.
കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി അഞ്ചിന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ജില്ലാ കളക്ടർ, സിറ്റി പൊലീസ് മേധാവി, കെൽട്രോൺ എംഡി എന്നിവർക്ക് വേണ്ടി മുതിർന്ന ഉദ്യോഗസ്ഥരും ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറും നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കരമന-കളിയിക്കാവിള പാതയിൽ സിഗ്നൽ സംവിധാനം തകരാറിലായതിനെത്തുടർന്ന് അപകടങ്ങൾ വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ എടുത്ത കേസിലാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |