
ന്യൂഡൽഹി: പാക് ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഇന്ത്യ ഇപ്പോഴും തുടരുകയാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്റെ ആണവ ഭീഷണി തകർത്തുവെന്നും അദ്ദേഹം അറിയിച്ചു. 2025ൽ മാത്രം 31 ഭീകരരെ വധിച്ചിട്ടുണ്ടെന്നും ഇതിൽ 65 ശതമാനവും പാകിസ്ഥാൻ സ്വദേശികളാണെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള മൂന്ന് ഭീകരരെ ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചു. നിലവിൽ കശ്മീരിലെ പ്രാദേശിക ഭീകരരുടെ എണ്ണം ഒറ്റയക്കത്തിലേക്ക് ചുരുങ്ങി. വടക്കൻ അതിർത്തികളിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. ജമ്മുകാശ്മീരിൽ ഭീകരസംഘടനകളുടെ നെറ്റ്‌വർക്ക് ഏതാണ്ട് തകർക്കാനായി. ഓപ്പറേഷൻ സിന്ദൂർ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തു. ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണ്. ഭാവിയിൽ ഉണ്ടായേക്കാവുന്ന ഏത് ദുസാഹത്തിനും കനത്ത തിരിച്ചടി നൽകും.
അതിർത്തിക്കപ്പുറം ഇപ്പോഴും എട്ടോളം ഭീകര പരിശീലന ക്യാമ്പുകൾ സജീവമാണെന്ന് രഹസ്യാന്വേഷണ വിവരമുണ്ട്. ഇവയിൽ രണ്ടെണ്ണം അന്താരാഷ്ട്ര അതിർത്തിക്ക് എതിർവശത്തും ആറെണ്ണം നിയന്ത്രണ രേഖയ്ക്ക് കുറുകെയുമാണ്. ഈ ക്യാമ്പുകളിൽ ചില സാന്നിദ്ധ്യവും പരിശീലന പ്രവർത്തനങ്ങളും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇത്തരം പ്രവർത്തനങ്ങൾ വീണ്ടും കണ്ടെത്തിയാൽ ആവശ്യമായ നടപടികൾ സ്വീകരിക്കും'- ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |