
മുംബയ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ അവസരം കിട്ടാത്തതാണ് ആരാധകർക്കിടയിലും മുൻതാരങ്ങളുടെയും പ്രധാന ചർച്ചാവിഷയം. ശുബ്മാൻ ഗില്ലിന് ഇടവേള നൽകി സഞ്ജുവിനെ ഓപ്പണറാക്കണമെന്നാണ് മുൻതാരങ്ങളടക്കം ഒരേസ്വരത്തിൽ പറയുന്നത്. ഇപ്പോഴിതാ സമാനമായ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിലവിലെ ട്വന്റി-20 പരമ്പരയിൽ ഗിൽ പുറത്താകുന്ന രീതി ചൂണ്ടിക്കാട്ടിയ കൈഫ്, വൈസ് ക്യാപ്ടനായ ഗില്ലിനെ ടീം മാനേജ്‌മെന്റ് തുടർച്ചയായി പിന്തുണയ്ക്കുകയാണെങ്കിലും അവസരം ലഭിക്കാത്ത സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചുവെന്നാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടത്.
പരമ്പരയിലെ ആദ്യ ട്വന്റി-20യിൽ മികച്ച വിജയം നേടിയ ഇന്ത്യ രണ്ടാമത്തെ മത്സരത്തിൽ അമ്പേ പരാജയപ്പെടുകയായിരുന്നു. ഇതിനിടെയാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്. 'ഗിൽ പുറത്താകുന്ന രീതികൾ നോക്കൂ. സ്ലിപ്പിൽ ക്യാച്ച് കൊടുത്താണ് രണ്ടാമത്തെ ട്വന്റി-20യിൽ അദ്ദേഹം പുറത്തായത്. ക്രീസിന് പുറത്തേക്കിറങ്ങി കളിക്കുമ്പോൾ ടൈമിംഗ് പിഴയ്ക്കുന്നുണ്ട്. അഭിഷേക് ശർമയെപ്പോലെ ആക്രമിച്ച് കളിക്കാൻ ശ്രമിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിക്കറ്റ് വീഴുന്നത്. ബാറ്റിംഗിൽ അദ്ദേഹം പരമാവധി എല്ലാം ശ്രമിക്കുന്നുണ്ട്. ഗില്ലിന് ഇടവേള നൽകി കഴിവ് തെളിയിച്ച മറ്റു കളിക്കാരെ പരീക്ഷിക്കാനുള്ള സമയമായെന്നാണ് എനിക്ക് തോന്നുന്നത്.' കൈഫ് വിലയിരുത്തി.
'സഞ്ജു മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന് മതിയായ അവസരങ്ങൾ ലഭിച്ചിട്ടില്ല. ഇവിടെ ഇരട്ടത്താപ്പ് പാടില്ല. വൈസ് ക്യാപ്ടൻമാരെ മുൻപും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗില്ലിന് വിശ്രമം നൽകി മറ്റൊരാളെ കൊണ്ടുവരുന്നത് ടീമിന്റെ താത്പര്യത്തിന് നല്ലതാണെങ്കിൽ, അതിൽ തെറ്റില്ല' കൈഫ് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |