
ന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റാർ പേസറായ ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി-20യിൽ നിന്ന് വിട്ടുനിന്നത് ആരാധകരെ തീർത്തും അമ്പരപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ താരം നാട്ടിലേക്ക് മടങ്ങിയെന്നാണ് മത്സരത്തിന് മുന്നോടിയായി നടന്ന ടോസിനിടെ ക്യാപ്ടൻ സൂര്യകുമാർ യാദവ് വെളിപ്പെടുത്തിയത്.
ബുംറയുടെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളെക്കുറിച്ച് പിന്നീട് അറിയിക്കുമെന്ന് ബിസിസിഐ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ബുംറയ്ക്ക് പകരമായി ഹർഷിത് റാണയെയാണ് മൂന്നാം ട്വന്റി-20യിലെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയത്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും 100 അന്താരാഷ്ട്ര വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി അടുത്തിടെ ബുംറ റെക്കാഡ് സൃഷ്ടിച്ചിരുന്നു.
ബുംറയെ കൂടാതെ ഓൾറൗണ്ടർ അക്സർ പട്ടേലും മൂന്നാം ട്വന്റി-20യിൽ ഉൾപ്പെടുത്തിയിട്ടില്ല. അസുഖത്തെ തുടർന്നാണ് താരത്തെ ടീമിൽ ഉൾപ്പെടുത്താതിരുന്നത്.അഞ്ച് മത്സരങ്ങളുള്ള ട്വന്റി പരമ്പര 1-1 എന്ന നിലയിൽ തുല്യതയിലാണ്. ഇന്ന് നടക്കുന്ന മത്സരം വിജയിക്കുന്ന ടീമിന് പരമ്പരയിൽ മേൽകൈ നേടാനാകും. ബുംറയുടെയും അക്സറിന്റെയും അഭാവത്തിൽ ഹർഷിത് റാണയും കുൽദീപ് യാദവുമാണ് ടീമിലെത്തിയതെന്ന് ക്യാപ്ടൻ സൂര്യകുമാർ യാദവ് അറിയിച്ചു.
മൂന്നാം ട്വന്റി-20 ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്ടൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |