
ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജോർദ്ദാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണം. അമ്മാനിലെ വിമാനത്താവളത്തിലെത്തിയ മോദിയെ ജോർദ്ദാൻ പ്രധാനമന്ത്രി ഡോ. ജാഫർ ഹസ്സന്റെ നേതൃത്വത്തിലെ സംഘം സ്വീകരിച്ചു. ഇന്ത്യ-ജോർദ്ദാൻ നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ച് അബ്ദുള്ള രണ്ടാമൻ രാജാവിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം.
അബ്ദുള്ള രണ്ടാമൻ രാജാവുമായും ജാഫർ ഹസ്സനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടെയിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയും പ്രാദേശിക സംഭവവികാസങ്ങളും ചർച്ചയായി. അബ്ദുള്ള രണ്ടാമനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ജോർദ്ദാൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമനുമായും മോദി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഇന്ത്യൻ സമൂഹവുമായി സംവദിക്കും.
അതേ സമയം, പ്രധാനമന്ത്രി ഇന്ന് അമ്മാനിൽ നിന്ന് എത്യോപ്യയിലേക്ക് പോകും. എത്യോപ്യയിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. തലസ്ഥാനമായ ആഡിസ് അബബയിൽ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലിയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി, എത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
തുടർന്ന് നാളെ ഒമാനിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ഒമാൻ സുൽത്താനുമായും ചർച്ച നടത്തും. ഇന്ത്യയും ഒമാനും തമ്മിലെ നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തിലാണ് പ്രധാനമന്ത്രി ഒമാൻ സന്ദർശിക്കുന്നത്. മസ്‌കറ്റിൽ ഇന്ത്യൻ പ്രവാസികളുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
# ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ജോർദ്ദാന്റെ പിന്തുണ
ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ജോർദ്ദാന്റെ ശക്തമായ പിന്തുണയെന്ന് അബ്ദുള്ള രണ്ടാമൻ
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, പുനരുപയോഗ ഊർജ്ജം, കൃഷി, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇടപെടൽ ആഴത്തിലാക്കാൻ പ്രധാനമന്ത്രിയും അബ്ദുള്ള രണ്ടാമനും ധാരണയായി
5 വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി വ്യാപാരം 5 ബില്യൺ ഡോളറായി ഉയർത്താൻ ലക്ഷ്യം. ജോർദ്ദാന്റെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനവും ഇന്ത്യയുടെ യു.പി.ഐയും തമ്മിലെ സഹകരണത്തിനും ആഹ്വാനം
പുനരുപയോഗ ഊർജ്ജം, ജലവിഭവം, ഡിജിറ്റൽ സാങ്കേതികവിദ്യ മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രങ്ങളിലും എല്ലോറ - പെട്ര പങ്കാളിത്ത കരാറിലും ഒപ്പിട്ടു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |