അഹമ്മദാബാദ് : രഞ്ജി ട്രോഫിയില്‍ കേരളവും ഗുജറാത്തും തമ്മിലുള്ള സെമിഫൈനല്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. കേരളത്തിനെതിരെ ലീഡിനായി പൊരുതുകയാണ ഗുജറാത്ത്. മത്സരത്തിന്റെ അവസാന ദിവസമായ നാളെ ഫലത്തിനുള്ള സാദ്ധ്യത വിരളമായതിനാല്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡായിരിക്കും കലാശപ്പോരിന് ആരെന്ന് നിര്‍ണയിക്കുക. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുന്ന ഗുജറാത്ത് നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 429 റണ്‍സെന്ന നിലയിലാണ്. കേരളത്തിന്റ് ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ മറികടന്ന് ലീഡ് നേടാന്‍ ഗുജറാത്തിന് 29 റണ്‍സ് കൂടി മതി.
ഒരു വിക്കറ്റിന് 221 റണ്‍സെന്ന നിലയില്‍ നാലാം ദിവസം കളി തുടങ്ങിയ ഗുജറാത്തിന് 33 റണ്‍സെടുത്ത മനന്‍ ഹിങ്‌രാജിയയുടെ വിക്കറ്റ് ആദ്യം നഷ്ടമായി. ജലജ് സക്‌സേനയ്ക്കായിരുന്നു വിക്കറ്റ്. ഉച്ച ഭക്ഷണത്തിന് മുമ്പ് മൂന്ന് വിക്കറ്റുകള്‍ കൂടി വീണത് കേരളത്തിന്റെ പ്രതീക്ഷകള്‍ ഉയര്‍ന്നു. സെഞ്ച്വറി നേടിയ പ്രിയങ്ക് പാഞ്ചലിനേയും ഉര്‍വ്വില്‍ പട്ടേലിനെയും ജലജ സക്‌സേന തന്നെയായിരുന്നു മടക്കിയത്. പ്രിയങ്ക് പാഞ്ചല്‍ 148 റണ്‍സും ഉര്‍വ്വില്‍ പട്ടേല്‍ 25 റണ്‍സും നേടി. ന്യൂബോളെടുത്ത് തുടക്കത്തില്‍ തന്നെ ഹേമങ് പട്ടേലും മടങ്ങി. നിധീഷിന്റെ പന്തില്‍ ഷോണ്‍ റോജര്‍ പിടിച്ചാണ് 27 റണ്‍സെടുത്ത ഹേമങ് പുറത്തായത്.
ഉച്ചഭക്ഷണത്തിന് ശേഷം തുടരെ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി കേരളം പിടിമുറുക്കിയെങ്കിലും തുടര്‍ന്നെത്തിയ കൂട്ടുകെട്ട് ഗുജറാത്തിനെ കരകയറ്റി. ചിന്തന്‍ ഗജയെ ജലജ് സക്‌സേനയും വിശാല്‍ ജയ്‌സ്വാളിനെ ആദിത്യ സര്‍വാതെയുമായിരുന്നു പുറത്താക്കിയത്. എന്നാല്‍ എട്ടാം വിക്കറ്റില്‍ ജയ്മീത് പട്ടേലും സിദ്ദാര്‍ത്ഥ് ദേശായിയും ചേര്‍ന്ന കൂട്ടുകെട്ട് 72 റണ്‍സുമായി ബാറ്റിങ് തുടരുകയാണ്. ഇടയ്ക്ക് സിദ്ദാര്‍ഥിന്റെ ക്യാച്ച് കൈവിട്ടത് കേരളത്തിന് തിരിച്ചടിയായി. ജയ്മീത് 74ഉം സിദ്ദാര്‍ഥ് 24ഉം റണ്‍സുമായാണ് ബാറ്റിങ് തുടരുന്നത്. കേരളത്തിന് വേണ്ടി ജലജ് സക്‌സേന നാല് വിക്കറ്റ് നേടിയപ്പോള്‍ നിധീഷ്, ബേസില്‍, ആദിത്യ സര്‍വാതെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |