
അഹമ്മദാബാദ്: ന്യുസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ ബിസിസിഐ സെലക്ഷൻ കമ്മിറ്റി യോഗം ചേരാനിരിക്കെ, സെലക്ടർമാരുടെ കണ്ണുതുറപ്പിക്കുന്ന പ്രകടനവുമായി സഞ്ജു സാംസൺ. വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ വെടിക്കെട്ട് സെഞ്ച്വറി നേടിയാണ് മലയാളി താരം തന്റെ ബാറ്റിംഗ് മികവ് തെളിയിച്ചത്.
ഏകദിന ഫോർമാറ്റിൽ തന്നെ തഴയുന്നവർക്ക് ബാറ്റുകൊണ്ട് മറുപടി നൽകുകയാണ് സഞ്ജു. ജാർഖണ്ഡിനെതിരെ വെറും 90 പന്തിൽ നിന്നാണ് സഞ്ജു സെഞ്ച്വറി തികച്ചത്. ആകെ 95 പന്തുകൾ നേരിട്ട താരം ഒമ്പത് ഫോറുകളും മൂന്ന് സിക്സറുകളടക്കം 101 റൺസാണ് ബാറ്റിൽ നിന്ന് പിറന്നത്. പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടാനായത് സഞ്ജുവിനും ആരാധകർക്കും ഒരുപോലെ ആവേശം പകരുന്നതാണ്.
സഞ്ജുവിനൊപ്പം ഓപ്പണിംഗിൽ തകർത്താടിയ ക്യാപ്ടൻ രോഹൻ കുന്നുമ്മലിന്റെ പ്രകടനമാണ് കേരളത്തിന്റെ ഇന്നിംഗ്സിന് വെടിക്കെട്ട് തുടക്കം നൽകിയത്. വെറും 78 പന്തിൽ നിന്ന് 11 സിക്സറുകളും എട്ട് ഫോറുകളുമടക്കം 124 റൺസാണ് രോഹൻ അടിച്ചെടുത്തത്.
212 റൺസിന്റെ കൂട്ടുകെട്ടാണ് സഞ്ജുവും രോഹനും ചേർന്ന് ഓപ്പണിംഗിൽ പടുത്തുയർത്തിയത്. ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് എന്ന കൂറ്റൻ ലക്ഷ്യം കേരളം അനായാസം മറികടന്നേക്കും. നിലവിൽ ബാബ അപരാജിതും വിഷ്ണു വിനോദുമാണ് കേരളത്തിനായി ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയിലെ സഞ്ജുവിന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. ആദ്യ കളിയിൽ തന്നെ സെഞ്ച്വറി നേടിയതോടെ, കിവീസിനെതിരായ ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |