SignIn
Kerala Kaumudi Online
Tuesday, 28 April 2026 10.38 PM IST

'അവർ പറഞ്ഞു എനിക്കാവില്ലെന്ന്, ഞാൻ കാണിച്ചുകൊടുത്തു',​ വിമർശകരുടെ വായടപ്പിച്ച് ശ്രേയസ് അയ്യരുടെ മറുപടി

Increase Font Size Decrease Font Size Print Page
shreyasiyer-

മുംബയ്: കരിയറിൽ നേരിട്ട പരിഹാസങ്ങളെയും പരിക്കുകളെയും ചവിട്ടുപടിയാക്കി ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും കരുത്തുറ്റ പ്രകടനം കാഴ്‌ച്ചവയ്ക്കുകയാണ് ശ്രേയസ് അയ്യർ. പഞ്ചാബ് കിംഗ്‌സ് നായകനായ അയ്യർ ഈ സീസണിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നതിനൊപ്പം ട്വന്റി-20 ഫോർമാറ്റിൽ താൻ എത്രത്തോളം സ്ഥിരതയാർന്ന ബാറ്ററാണെന്ന് കൂടി തെളിയിച്ചു.


ഷോർട്ട് ബൗളുകൾ അയ്യർക്ക് കളിക്കാൻ അറിയില്ലെന്നായിരുന്നു കാലങ്ങളായുള്ള വിമർശനം. എന്നാൽ ലോകത്തെ ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബുംറയെ സിക്‌സറിന് തൂക്കിയാണ് അയ്യർ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. തന്നെ പ്രകോപിപ്പിക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്തവർക്കുള്ള മറുപടിയായിരുന്നു ആ പ്രകടനമെന്ന് അയ്യർ ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

shreyas-iyer

'ചുറ്റുമുണ്ടായിരുന്നവർ പലപ്പോഴും പറയും, ഈ സാഹചര്യത്തിൽ നിനക്കിത് ചെയ്യാൻ പറ്റില്ല, ഇതൊന്നും നടക്കുന്ന കാര്യമേയല്ല എന്നൊക്കെ. അത്തരം കാര്യങ്ങൾ കേൾക്കുന്നത് തന്നെ ഇഷ്ടമല്ല. ഏറ്റവും ഉയർന്ന നിലവാരത്തിൽ ക്രിക്കറ്റ് കളിക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് അതൊന്നും ഒട്ടും അംഗീകരിക്കാനാവില്ല. അപ്പോഴാണ് എന്റെ മനസിൽ വാശി വരുന്നത്—അവർ പറയുന്നത് തെറ്റാണെന്ന് തെളിയിക്കണം. എങ്ങനെ ഇതിലും കരുത്തനായി തിരിച്ചുവരാമെന്നായിരിക്കും അപ്പോഴത്തെ ചിന്ത.

സ്വയം പുഷ് ചെയ്ത്, എത്രയും പെട്ടെന്ന് തിരിച്ചുവന്ന് അവർക്ക് മറുപടി നൽകാൻ ശ്രമിക്കും. പ്രത്യേകിച്ച് പരിക്കേറ്റ് പുറത്തിരിക്കുമ്പോൾ ഈ ചിന്തയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. നട്ടെല്ലിന് പരിക്കേറ്റപ്പോൾ ചിലർ പറഞ്ഞു, 'ഇനി പഴയ അയ്യറെ കാണാൻ പറ്റില്ല' എന്ന്. ഞാൻ എന്നോട് തന്നെ ചോദിച്ചു, 'എന്തുകൊണ്ട് പഴയതുപോലെ എനിക്ക് ആയിക്കൂടാ?' എന്ന്. പരിക്കിന് ശേഷം നമ്മൾ നമ്മുടെ മനസിനെ എങ്ങനെ പാകപ്പെടുത്തുന്നു എന്നതിലാണ് കാര്യം. എന്തിൽ ശ്രദ്ധിക്കണം, എന്തൊക്കെ അവഗണിക്കണമെന്ന് നമ്മൾ തന്നെ തീരുമാനിക്കണം.

shreyas-iyer

ഷോർട്ട് ബൗൾ കളിക്കാനുള്ള ബുദ്ധിമുട്ട് ഒരിക്കലും മാറില്ലെന്ന് പലരും പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് ശരിക്കും വാശിയായി. നന്നായി കളിച്ച് അവർക്ക് മറുപടി കൊടുക്കണമെന്ന് ഉറപ്പിച്ച് കഠിനാധ്വാനം ചെയ്തു. പണ്ടൊക്കെ ഷോർട്ട് ബൗൾ വരുമ്പോൾ സിംഗിൾ എടുക്കാനോ പന്ത് നിലത്ത് തട്ടിയിടാനോ ആയിരുന്നു നോക്കിയിരുന്നത്. പക്ഷേ ഇപ്പോൾ ആ രീതി മാറി. പന്ത് എന്റെ സോണിലാണെങ്കിൽ സിക്‌സർ അടിച്ചിരിക്കും. പ്രവീൺ ആംറെ സാറിനൊപ്പമാണ് ഞാൻ വർക്ക് ചെയ്യുന്നത്. പിന്നെ അഭിഷേക് നായരെപ്പോലെയുള്ള പരിശീലകരോടും സംസാരിക്കാറുണ്ട്.

ഇപ്പോൾ ബാറ്റിംഗ് പ്രാക്ടീസിനിടെ ഏകദേശം 50 ഓവറോളം ബാറ്റ് ചെയ്യാറുണ്ട്, 300ലധികം പന്തുകൾ നേരിടും. എനിക്ക് എന്ത് കഴിയുമെന്ന് മനസിലാക്കാൻ അത് സഹായിക്കും. വെറുതെ ഒരു മെഷീനിൽ നിന്ന് വരുന്ന പന്തുകളല്ല, യഥാർത്ഥ ബൗളർമാരെ തന്നെയാണ് ഞാൻ നേരിടുന്നത്. ബൗളർമാരെ കൂടുതൽ നേരിടുമ്പോൾ ചലനങ്ങൾ കൂടുതൽ വ്യക്തമാകും. ബൗളർ പന്ത് എറിയുന്നതിന് തൊട്ടുമുമ്പ് തന്നെ കൃത്യമായ പൊസിഷനിൽ എത്താൻ നോക്കും. അതൊരു പ്രത്യേക താളം സൃഷ്‌ടിക്കും. എബി ഡി വില്ലിയേ‌ഴ്‌സ്,​ രോഹിത് ഭായി,​ വിരാട് കൊ‌ഹ്‌ലിയൊക്കെ ബാറ്റ് ചെയ്യുന്നത് ശ്രദ്ധിച്ചാൽ ഈയൊരു താളം നിങ്ങൾക്കും കാണാൻ സാധിക്കും. അതുതന്നെയാണ് ഞാനും പരീക്ഷിക്കുന്നത്.'- അയ്യർ കൂട്ടിച്ചേർത്തു.

TAGS: NEWS 360, SPORTS, SHREYAS, IYER, IPL2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.