
അബുദാബി: ബിഗ് ടിക്കറ്റിൽ ഈ മാസത്തെ മൂന്നാം പ്രതിവാര ഇ - ഡ്രോയിൽ ലക്ഷങ്ങളുടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരെ. സമ്മാനത്തുകയായ ഒരുലക്ഷം ദിർഹം (25.63 ലക്ഷം രൂപ) ആണ് നാല് ഇന്ത്യക്കാർ ചേർന്ന് പങ്കിട്ടെടുത്തത്. ഓരോരുത്തർക്കും 25,000 ദിർഹം വീതമാണ് (6.4 ലക്ഷം രൂപ) സമ്മാനമായി ലഭിച്ചത്. സമ്മാനം ലഭിച്ച നാലിൽ മൂന്നുപേരും മലയാളികളാണ്. ടിനു വർഗീസ്, സുജിത് ഇടപ്പള്ളി, സി പി ഐജൻ, മുംബയ് സ്വദേശി ശശിധർ സാലിൻ എന്നിവരാണ് വിജയികൾ.
ഷാർജയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ടിനു വർഗീസ് അഞ്ച് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ബിഗ് ടിക്കറ്റെടുത്തത്. 42കാരനായ അഞ്ച് വർഷമായി ടിനു ടിക്കറ്റെടുക്കുന്നുണ്ട്. സമ്മാനത്തുക അഞ്ചുപേരും വീതിച്ചെടുക്കുമെന്നും കടബാദ്ധ്യതകൾ തീർക്കാൻ ഇത് വലിയ സഹായമാകുമെന്നും ടിനു പറഞ്ഞു. പ്രത്യേക രീതിയിലാണ് ടിനു ടിക്കറ്റെടുക്കുന്നത്. മുമ്പ് സമ്മാനം ലഭിച്ച നമ്പറുമായി സാമ്യമുള്ളവ നോക്കും മറ്റുചിലപ്പോൾ യാദൃശ്ചികമായും നമ്പറുകൾ തിരഞ്ഞെടുക്കാറുണ്ടെന്ന് ടിനു പറഞ്ഞു.
സേഫ്‌റ്റി എഞ്ചിനീയറായ സുജിത്ത് ഇടപ്പള്ളി കഴിഞ്ഞ 16 വർഷമായി ദുബായിലാണ് ജോലി ചെയ്യുന്നത്. 10 സഹപ്രവർത്തകർക്കൊപ്പം ചേർന്നാണ് ടിക്കറ്റെടുത്തത്. ടിക്കറ്റ് വാങ്ങി തൊട്ടടുത്ത ദിവസം തന്നെ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചു. പത്ത് വർഷമായി ഇവർ സ്ഥിരം ടിക്കറ്റെടുക്കാറുണ്ട്. വരാനിരിക്കുന്ന വലിയ വിജയത്തിന്റെ മുന്നോടിയാണിതെന്ന് സുജിത്ത് പറഞ്ഞു. വരും മാസങ്ങളിലും ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നേരിട്ട് സ്റ്റോറിൽ പോയാണ് സി പി ഐജൻ ടിക്കറ്റെടുത്തത്. സുഹൃത്തുക്കളുമായി ചേർന്നാണ് ഇദ്ദേഹവും ടിക്കറ്റെടുത്തത്. വളരെയധികം സന്തോഷമുണ്ടെന്നും സമ്മാനത്തുക എല്ലാവരുമായി പങ്കിട്ടെടുക്കുമെന്നും സി പി ഐജൻ പറഞ്ഞു.
കഴിഞ്ഞ 27 വർഷമായി ദുബായിൽ താമസിക്കുന്ന ആളാണ് ശശിധർ സലിൻ (51). ഗ്രൂപ്പ് ഫിനാൻസ് മാനേജറായാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ഏഴ് വർഷമായി ടിക്കറ്റ് എടുക്കുന്നുണ്ടെങ്കിലും ആദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാല് സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. മകളാണ് ഭാഗ്യനമ്പർ തിരഞ്ഞെടുത്തതെന്നും ശശിധർ പറഞ്ഞു. സമ്മാനത്തുക മകളുടെ പഠനത്തിനും കുടുംബത്തിന്റെ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ടിക്കറ്റിന്റെ അടുത്ത പ്രതിവാര നറുക്കെടുപ്പ് മേയ് ഒന്നിനാണ് നടക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |