ന്യൂഡൽഹി: അടുത്തിടെ ആം ആദ്മി പാർട്ടിവിട്ട് ബിജെപിയിലെത്തിയ രാഘവ് ഛദ്ദയുടെ കള്ളക്കളി തുറന്നുകാട്ടി പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. ആം ആദ്മി വിട്ട് ബിജെപിയിലെത്തിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ രാഘവ് ഛദ്ദയെ 23 ലക്ഷം പേർ അൺഫോളോ ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിലടക്കം ചർച്ചയായതോടെ ഇതിന്റെ ചമ്മൽ മാറ്റാൻ രാഘവ് ഛദ്ദ പണം നൽകി ഫോളോവേഴ്സിനെ വാങ്ങുന്നുവെന്നാണ് ധ്രുവ് റാഠിയുടെ വെളിപ്പെടുത്തൽ.
വലിയ കൊഴിഞ്ഞുപോക്കിനു പിന്നാലെ ഛദ്ദയെ പുതുതായി ഫോളോ ചെയ്ത അക്കൗണ്ടുകൾ ഈ മാസം ക്രിയേറ്റ് ചെയ്തവയാണെന്നും ഈ അക്കൗണ്ടുകളുടെ ഫോളോവേഴ്സിന്റെ എണ്ണം പൂജ്യമാണെന്നും പലതിലും പ്രൊഫൈൽ ചിത്രങ്ങളോ പോസ്റ്റുകളോ ഇല്ലെന്നും ധ്രുവ് റാഠി വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. വീഡിയോയുടെ അവസാനം, ധ്രുവ് റാഠി മൂന്ന് ഉപദേശങ്ങളും രാഘവ് ഛദ്ദക്ക് നൽകുന്നുണ്ട്.
പ്രശസ്തി നിലനിർത്തണമെങ്കിൽ എം.പി സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് രാഘവ് ഛദ്ദ ആലോചിക്കണമെന്നായിരുന്നു ധ്രുവ് റാഠിയുടെ ആദ്യ ഉപദേശം. രണ്ടാമതായി ബോട്ട് ഫോളോവേഴ്‌സിനെ വാങ്ങുന്നത് ഛദ്ദ നിർത്തണമെന്നും ധ്രുവ് ആവശ്യപ്പെട്ടു. ഏത് ജനതയാണോ നിങ്ങളെ ഉയരങ്ങളിലെത്തിച്ചത്, അതേ ജനതയ്ക്ക് തന്നെ നിങ്ങളെ താഴെയിറക്കാനും കഴിയുമെന്നും ധ്രുവ് രാഘവ് ഛദ്ദയ്ക്ക് മുന്നറിയിപ്പ് നൽകി. അതേസമയം, ധ്രുവ് റാഠിയുടെ വീഡിയോ നടൻ പ്രകാശ് രാജ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.ചിരിക്കുന്ന ഇമോജിയോടെയാണ് പ്രകാശ് രാജ് ധ്രുവ് റാഠിയുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |