കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശ് കേഡറിലെ പ്രശസ്തനായ ഐ.പി.എസ് ഉദ്യോഗസ്ഥൻ അജയ് പാൽ ശർമയെ പൊലീസ് നിരീക്ഷകനായി നിയമിച്ച ഇലക്ഷൻ കമ്മീഷൻ നടപടിയിൽ വിവാദം. 2011 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അജയ് പാൽ ശർമ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ കീഴിൽ നൂറുകണക്കിന് എൻകൗണ്ടറുകൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ്. 'യോഗിയുടെ സിങ്കം' എന്നറിയപ്പെടുന്ന ശർമ ക്രിമിനലുകൾക്കെതിരെ സ്വീകരിക്കുന്ന കടുത്ത നടപടികളിലൂടെയാണ് ശ്രദ്ധേയനാവുന്നത്.
എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന ശർമയെ ബിജെപി രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ആരോപിച്ചു. എന്നാൽ അതീവ ജാഗ്രത പാലിക്കേണ്ട ജില്ലയിൽ സ്വതന്ത്രവും നീതിയുക്തവുമായ വോട്ടിംഗ് ഉറപ്പാക്കുന്നതിനാണ് ശർമ്മയെ നിയമിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. എന്നാൽ ബിജെപിയുടെ താല്പര്യപ്രകാരം വോട്ടർമാരെയും തൃണമൂൽ പ്രവർത്തകരെയും ഭീഷണിപ്പെടുത്താനാണ് ശർമയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ചിരിക്കുന്നതെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. സൗത്ത് 24 പർഗാനാസ് പോലുള്ള തങ്ങളുടെ കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ഇത്തരം 'ഏജന്റുമാരെ' ബിജെപി പ്ലാന്റ് ചെയ്തിരിക്കുകയാണെന്നും നേതാക്കൾ ആരോപിക്കുന്നുണ്ട്.
സൗത്ത് 24 പർഗാനാസിലെ ഫാൽട്ട എന്ന സ്ഥലത്ത് വെച്ച് ഒരു ത്രിണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയെയും സംഘത്തെയും അജയ് പാൽ ശർമ പരസ്യമായി ശാസിക്കുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദം ശക്തമായിരിക്കുന്നത്. നിയമം കയ്യിലെടുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കാമറകൾക്ക് മുന്നിൽ വെച്ച് അജയ് പാൽ ശർമ ഉച്ചത്തിൽ മുന്നറിയിപ്പ് നൽകുന്നത് വീഡിയോയിൽ കാണാം. ഇത് സ്ഥാനാർത്ഥികളെ അപമാനിക്കുന്നതിനും വോട്ടർമാരെ സ്വാധീനിക്കുന്നതിനും തുല്യമാണെന്നാണ് പ്രതിപക്ഷമൊന്നാകെ ആരോപിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |