ഐ.എസ്.എല്ലിൽ അവസാന ലീഗ് മത്സരത്തിന് ഇന്നിറങ്ങും
കൊച്ചി: പ്ലേ ഓഫ് മത്സരം സ്വന്തം മൈതാനത്ത് കളിക്കാനുള്ള അവസരത്തിനായി വമ്പൻ ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദിനെ നേരിടും. ഐ.എസ്.എല്ലിലെ ഈ സീസണിലെ അവസാന ലീഗ് മത്സരം കൂടിയാണിത്. രാത്രി എഴിനാണ് കിക്കോഫ്. മൂന്ന് ഗോളിന്റെ വ്യത്യാസത്തിൽ ജയം നേടിയാലെ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് കൊച്ചിയിൽ കളിക്കാനാകൂ.
ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള മുംബയ്‌യും ഹൈദരാബാദും സെമി ഉറപ്പാക്കി കഴിഞ്ഞു. 3 മുതൽ 6 വരെ സ്ഥാനങ്ങളിലുള്ള ടീമുകളിൽ നിന്ന് പ്ലേ ഓഫ് കളിച്ച് രണ്ട് ടീമും സെമിയിൽ എത്തും. മൂന്നും നാലും സ്ഥാനങ്ങളിലുള്ള ടീമുകളുടെ ഹോംഗ്രൗണ്ടിലാണ് പ്ലേഓഫ് മത്സരങ്ങൾ നടക്കുക.
ഇന്നലത്തെ ജയത്തോടെ മോഹൻബഗാൻ മൂന്നാം സ്ഥാനം ഉറപ്പാക്കി. ബഗാനും നാലാം സ്ഥാനത്തുള്ള ബംഗളുരുവിനും 34 പോയിന്റാണെങ്കിലും പരസ്പരം ഏറ്റുമട്ടിയപ്പോൾ ആധിപത്യം നേടാനായത് ബഗാന് നേട്ടമാവുകയായിരുന്നു.
ഇന്ന് ബ്ലാസ്റ്റേഴ്‌സും ജയിച്ചാൽ മൂന്ന് ടീമുകൾക്കും തുല്യ പോയിന്റാവും.നേർക്കുനേരെയുള്ള പേരാട്ടക്കണക്കുകളിൽ ബ്ലാസ്റ്റേഴ്‌സും ബംഗളൂരുവും തുല്യമായതിനാൽ ഗോൾവ്യത്യാസം കണക്കാക്കിയാവും നാലാം സ്ഥാനക്കാരെ നിർണയിക്കുക. ബംഗളൂരു ഗോൾ വ്യത്യാസത്തിൽ ഏറെ മുന്നിലാണ്. അതിനാൽ നാലാം സ്ഥാനത്തിന് ബ്ലാസ്റ്റേഴ്സിന് വലിയ ഗോൾ വ്യത്യാസത്തിൽ ജയിക്കണം.
ഗതാഗത നിയന്ത്രണം
കേരള ബ്ലാസ്റ്റേഴ്സ് - ഹൈദരാബാദ് എഫ്സി പോരാട്ടത്തോട് അനുബന്ധിച്ച് ഇന്ന് കലൂരിൽ ഗതാഗത നിയന്ത്രണം. ഇന്ന് സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന റോഡുകളിൽ വാഹനങ്ങൾക്ക് പ്രവേശനവും ഉണ്ടായിരിക്കില്ല. രാവിലെ 7.30 മുതൽ രാത്രി 10.30 വരെയാണ് ഗതാഗത നിയന്ത്രണം. വൈകിട്ട് മൂന്ന് മുതൽ ഏഴ് വരെയായിരിക്കും കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം.
ഡെർബി ജയിച്ച്
ബഗാൻ മൂന്നാമത്
കൊൽക്കത്ത: ഐ.സ്.എല്ലിൽ ഇന്നലെ നടന്ന കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെ 2-0ത്തിന് കീഴടക്കി എടികെ മോഹൻ ബഗാൻ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഡംജാനോവിക്കും പെട്രാറ്റോസുമാണ് ബഗാനായി ലക്ഷ്യം കണ്ടത്. മൂന്നാം സ്ഥാനക്കാരായ ബഗാന് പ്ലേ ഓഫ് മത്സരം സ്വന്തം മൈതാനത്ത് കളിക്കാം എന്ന ആനുകൂല്യമുണ്ട്. ഐ.എസ്.എല്ലിൽ ഇതുവരെ നടന്ന എല്ലാ കൊൽക്കത്ത ഡെർബിയിലും വിജയിക്കാനും ബഗാനായി. സീസണിലെ അവസാന മത്സരത്തിലും തോറ്റഈസ്റ്ര് ബംഗാൾ 20 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി പത്താം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. ബഗാന് 34 പോയിന്റുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |