ആദ്യ ജയം മുംബയ് ഇന്ത്യൻസിന്
മുംബയ് : പ്രഥമ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് ഇന്നലെ മുംബയ് ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ തുടക്കമായി. ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്ടൻ ഹർമൻപ്രീത് കൗർ നയിച്ച മുംബയ് ഇന്ത്യൻസ് ബേത്ത് മൂണി നയിച്ച ഗുജറാത്ത് ജയന്റ്സിനെ 143 റൺസിന് തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് നിശ്ചിത20 ഓവറിൽ 207/5 എന്ന സ്കോറാണ് നേടിയത്.മറുപടിക്കിറങ്ങിയ ഗുജറാത്തിന് 15.1 ഓവറിൽ 64/9 എന്ന സ്കോറിലേ എത്താനായുള്ളൂ.
ടോസ് നേടിയ ഗുജറാത്ത് മുംബയ്യെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.30 പന്തുകളിൽ 65 റൺസ് നേടിയ ഹർമൻ പ്രീത് കൗറും 47 റൺസടിച്ച ഹേയ് ലി മാത്യൂസും 24 പന്തുകളിൽ 45 റൺസടിച്ച അമേരലിയ കേറുമാണ് മുംബയ്ക്ക് കരുത്തായത്.
മൂന്നാം ഓവറിൽ യഷ്തിക ഭാട്യയെ വേയർഹാമിന്റെ കയ്യിലെത്തിച്ച് തനുജ കൻവാർ വനിതാ പ്രിമിയർ ലീഗിലെ ആദ്യ വിക്കറ്റിന് ഉടമയായി. തുടർന്ന് നാറ്റ് ഷീവർബ്രണ്ടും (23) ഹേയ്ലി മാത്യൂസും ചേർന്ന് 8.5 ഓവറിൽ 69 റൺസിലെത്തിച്ചു. അവിടെവച്ച് ഷീവർബ്രണ്ടിനെ വേയർഹാം മടക്കി അയച്ചു.10-ാം ഓവറിൽ ഹേയ്ലി മാത്യൂസിനെ ഗാർഡ്നർ ബൗൾഡാക്കുകയായിരുന്നു. 31 പന്തുകൾ നേരിട്ട ഹേയ്ലി മൂന്ന് ഫോറും നാലുസിക്സും പായിച്ചു. തുടർന്ന് ഹർമൻപ്രീതും അമേലിയയും കത്തിക്കയറി.
മറുപടിക്കിറങ്ങിയ ഗുജറാത്ത് ടീമിന് ആദ്യഒാവറിൽത്തന്നെ ക്യാപ്ടൻ മൂണിയെ പരിക്ക് മൂലം നഷ്ടമായി. തുടർന്ന് തുരുതുരാ വിക്കറ്റുകൾ വീണു. 12 റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ വീണുകഴിഞ്ഞിരുന്നു. പിന്നീട് ആ ആഘാതത്തിൽ നിന്ന് കരകയറാനുമായില്ല. നാലുവിക്കറ്റ് വീഴ്ത്തിയ സൈക ഇഷാഖും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നാറ്റ്ഷീവർ ബ്രണ്ടും അമേലിയ കേറുമാണ് ഗുജറാത്തിനെ തകർത്തത്.
മതസരത്തിന് മുമ്പ് സ്റ്റേഡിയത്തിൽ ബോളിവുഡ് താരങ്ങൾ അണിനിരന്ന ഉദ്ഘാടനച്ചടങ്ങ് നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |