കൊൽക്കത്ത : ഈ ഐ.പി.എൽ സീസണിൽ ഇതുവരെ ഏറ്റവും ആവേശത്തോടെ കണ്ട ബാറ്റിംഗ് ആരുടേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, ഗുജറാത്ത് ടൈറ്റാൻസിനെതിരായ മത്സരത്തിലെ റിങ്കു സിംഗിന്റേതെന്ന്. ഒരോവറിലെ ആറുപന്തും സിക്സിന് പറത്തിയാണ് യുവ്‌രാജ് ചരിത്രം സൃഷ്ടിച്ചതെങ്കിൽ ടൈറ്റാൻസിനെതിരായ മത്സരത്തിന്റെ അവസാന ഓവറിലെ അവസാന അഞ്ചുപന്തുകളും സിക്സർ പറത്തി അസാദ്ധ്യമെന്ന് കരുതിയ വിജയലക്ഷ്യം നേടിയെടുക്കുകയായിരുന്നു അഹമ്മദാബാദിൽ റിങ്കു.
ഗുജറാത്തിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ 29 റൺസ് വേണമായിരുന്നു. ആദ്യ പന്തിൽ ഉമേഷ് സിംഗിളെടുത്ത് സ്ട്രൈക്ക് കൈമാറിയപ്പോൾ അടുത്ത അഞ്ച് പന്തുകളും സിക്‌സറിലേക്ക് പറത്തി റിങ്കു വിജയം എളുപ്പമാക്കി. 21 പന്തിൽ പുറത്താകാതെ 48 റൺസാണ് താരം അടിച്ചെടുത്ത്. കൊൽക്കത്ത മൂന്ന് വിക്കറ്റ് വിജയവും സ്വന്തമാക്കി.
ഗ്യാസുകുറ്റി ചുമന്ന കൗമാരം
ഉത്തർപ്രദേശിലെ അലിഗഢിലെ സാധാരണ കുടുംബത്തിൽ നിന്നാണ് റിങ്കുവിന്റെ വരവ്. ഗ്യാസ് കുറ്റികള്‍ വീടുകളിലെത്തിച്ചു കൊടുക്കുന്നതായിരുന്നു അച്ഛൻ ഖനചന്ദ്ര സിംഗിന് ജോലി പട്ടിണി മാറ്റാൻ ന്‍ കൗമാര കാലത്ത് റിങ്കുവും അച്ഛനൊപ്പം ജോലിക്ക് പോയി. അതിനൊപ്പം അലിഗഢിലെ തെരുവുകളിൽ ക്രിക്കറ്റ് കളിച്ചുനടന്നു. ജോലിയേക്കാളും പഠനത്തേക്കാളും റിങ്കു കഴിവ് തെളിയിച്ചത് ക്രിക്കറ്റ് കളിയിലായിരുന്നു. അലിഗഢിലെ ലോക്കൽ ടൂർണമെന്റുകളിൽ സൂപ്പർ താരമായി. കൂറ്റൻ ഷോട്ടുകൾ കഴിവ് ലോക്കൽ ക്ലബ്ബുകളുടെ ഫേവറിറ്റാക്കി. അവിടെ നിന്ന് ഇന്ത്യൻ പ്രിമിയർ ലീഗ് വേദിയിലുമെത്തി. ആദ്യം പത്ത് ലക്ഷത്തിന് പഞ്ചാബ് കിംഗ്സാണ് സ്വന്തമാക്കിയത്. 2018 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തി. ഈ സീസണിലാണ് തലവര മാറിയത്.
കടം വാങ്ങിയ ബാറ്റ്
ഗുജറാത്തിനെതിരായ മത്സരത്തിലെ അവസാന ഓവറിലെ അഞ്ച് പന്തുകൾ റിങ്കു ഗാലറിയിലേക്ക് പറത്തിയപ്പോൾ കാണികൾ അമ്പരന്നു. ഐപിഎല്ലിനെ ആവേശ കൊടുമുടിയിലെത്തിച്ച നിമിഷങ്ങളായിരുന്നു അത്. റിങ്കുവിന്റെ തകർപ്പൻ ഷോട്ടുകൾക്ക് പിന്നിൽ കടമെടുത്ത ഒരു ബാറ്റിന്റെ കഥ തന്നെയുണ്ട്. കൊൽക്കത്ത ക്യാപ്ടൻ നിതീഷ് റാണ കടമായി നൽകിയ ബാറ്റിലായിരുന്നു 25-കാരന്റെ സിക്സുകൾ പിറന്നത്.
കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഐ.പി.എല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിലും റാണ കളിച്ച ബാറ്റ് ഗുജറാത്തിനെതിരായ മത്സരത്തിന് മുമ്പ് മാറ്റാൻ തീരുമാനിച്ചിരുന്നു.ഉടനെ റിങ്കു അത് തനിക്ക് തരുമോ എന്ന് റാണയോട് ചോദിച്ചു. പക്ഷേ അതുകൊടുക്കാൻ റാണ ഒന്ന് മടിച്ചു. എന്നാൽ ആരോ റാണ അറിയാതെ അത് ഡ്രസ്സിംഗ് റൂമിൽ നിന്ന് എടുത്ത് റിങ്കുവിന് നൽകി. അതുകൊണ്ടാണ് റിങ്കു വിസ്മയം സൃഷ്ടിച്ചത്. ആ ബാറ്റ് ഇനി റിങ്കുവിന്റേതാണെന്ന് കൊൽക്കത്ത ടീം ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ റാണ പറഞ്ഞു. മത്സരശേഷം കൊൽക്കത്ത പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റും റിങ്കുവിനെ അഭിനന്ദിച്ചു. രവി ശാസ്ത്രി, ജാവേദ് മിയാൻദാദ് എന്നിവരോടാണ് ചന്ദ്രകാന്ത് റിങ്കുവിനെ ഉപമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |