തിരുവനന്തപുരം: ഹാംഗ്ചൗ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായികതാരങ്ങൾക്ക് സംസ്ഥാന സർക്കാര്‍ പ്രഖ്യാപിച്ച സമ്മാനത്തുക ഇതുവരെ വിതരണം ചെയ്യാത്തത് വിവാദമാകുന്നു. മെഡലിസ്റ്റുകളെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി മെമെന്റോയും പൊന്നാടയും നൽകി ആദരിച്ചെങ്കിലും സമ്മാനത്തുക പ്രഖ്യാപിച്ചത് ഉടൻ അക്കൗണ്ടിലെത്തും എന്ന വാഗ്ദാനം നൽകുകമാത്രമാണ് ചെയ്തത്. ഇത്രനാളായിട്ടും ഇത് അക്കൗണ്ടിലെത്തിയിട്ടില്ല,സ്വർണം നേടിയവർക്ക് 25 ലക്ഷം രൂപയും വെള്ളി നേടിയവർക്ക് 19 ലക്ഷവും വെങ്കലം നേടിയവർക്ക് 12.5 ലക്ഷവുമായിരുന്നു പ്രഖ്യാപിച്ചത്.
ഗെയിംസിൽ രാജ്യത്തിന്റെ യശസ്സുയർത്തിയ മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങൾക്ക് അതത് സർക്കാരുകൾ വൻതുക പാരിതോഷികമായി പ്രഖ്യാപിച്ചതിനു പിന്നാലെ മലയാളി താരങ്ങളെ അഭിനന്ദിക്കാൻ പോലും തയ്യാറാകാതിരുന്ന സർക്കാരിന്റെ നടപടി ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെ ഒക്ടോബർ 18-ന് ചേർന്ന മന്ത്രിസഭാ യോഗമാണ് കായിക താരങ്ങൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്. അടുത്തദിവസം സ്വീകരണച്ചടങ്ങും നടത്തി.
പുരുഷ ഹോക്കിയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ഗോളി പി. ആർ ശ്രീജേഷ്, 4-400 മീറ്റർ പുരുഷ റിലേയിൽ സ്വർണം നേടിയ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, പുരുഷ ലോംഗ്ജമ്പിൽ വെള്ളി നേടിയ എം. ശ്രീശങ്കർ, വനിതാ ലോംഗ്ജമ്പിൽ വെള്ളി നേടിയ ആൻസി സോജൻ, 800 മീറ്ററിൽ വെള്ളി നേടിയ മുഹമ്മദ് അഫ്‌സൽ, ബാഡ്മിന്റൺ ടീം ഇനത്തിൽ വെള്ളി നേടിയ എച്ച് .എസ് പ്രണോയ്, 1500 മീറ്ററിൽ വെങ്കലം നേടിയ ജിൻസൺ ജോൺസണ്‍, വനിതാ ക്രിക്കറ്റിൽ സ്വർണം നേടിയ ഇന്ത്യൻ താരം മിന്നുമണി എന്നിവരാണ് ഏഷ്യന്‍ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങൾ.
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മറ്റ് കായിക താരങ്ങൾക്ക് അവരുടെ സംസ്ഥാന സർക്കാരുകൾ വലിയ വാഗ്ദാനങ്ങളും സമ്മാനങ്ങളുമെല്ലാം പ്രഖ്യാപിച്ചപ്പോൾ മലയാളി താരങ്ങളെ സർക്കാർ അവഗണിക്കുകയാണെന്ന് പി.ആർ ശ്രീജേഷ് പരസ്യമായി പ്രതികരിച്ചത് വിവാദമായിരുന്നു. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിട്ടും കേരള സർക്കാർ അവഗണിച്ചെന്നും സർക്കാർ പ്രതിനിധികൾ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു ശ്രീജേഷിന്റെ വാക്കുകൾ. ഒരു പഞ്ചായത്തംഗം പോലും വീട്ടിൽ വന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ സംസ്ഥാനത്തു നിന്ന് മതിയായ പ്രോത്സാഹനം കിട്ടുന്നില്ലെന്ന് പറഞ്ഞ് മെഡൽ ജേതാക്കളിൽ പലരും കേരളം വിടുന്നതായും പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിൽ സർക്കാർ മെഡൽ ജേതാക്കൾക്ക് സമ്മാനത്തുക പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |