കൊച്ചി: എതിരാളികൾക്ക് കണക്കിന് കൊടുത്ത് കരാട്ടെ സ്വർണം വീണ്ടും ഒരേ വീട്ടിലേക്കെത്തിച്ച് ഫിദയും ഫെമിദയും. കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിലാണ് പതിവു തെറ്റിക്കാതെ ഇരുവരും സ്വർണ നേട്ടം ആവർത്തിച്ചത്. 44 കിലോയിൽ താഴെ ഭാരമുള്ള സീനിയർ പെൺകുട്ടികളുടെ പോരാട്ടത്തിലാണ് എതിരാളിയെ 7-3ന് തറപറ്റിച്ച് ഫിദ ഹാജത്ത് സ്വർണം നേടിയതെങ്കിൽ അനിയത്തി ഫെമിദ ഹാജത്ത് 36 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ 9-4നാണ് സുവർണ നേട്ടത്തിലേക്കെത്തിയത്. അദ്ധ്യാപക ദമ്പതികളും കിളിമാനൂർ സ്വദേശികളുമായ അനീഷിന്റേയും ജെസ്നയുടേയും മക്കളാണ് ഫിദയും ഫെമിദയും.
ആറ്റിങ്ങൽ ഗവ. ബോയ്സ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ഫിദ ഇത്തവണത്തേത്തുൾപ്പെടെ നാല് വട്ടം സംസ്ഥാനതല പോരാട്ടത്തിനിറങ്ങി. നാലിലും സ്വർണം. അനിയത്തി, അവനവഞ്ചേരി എച്ച്.എസിലെ ഒൻപതാം ക്ലാസുകാരി ഫെമിത ഇത് രണ്ടാം തവണയാണ് മത്സരിക്കുന്നത്. രണ്ടും സ്വർണം. നാല് ദേശീയ സ്‌കൂൾ കായിക മേളകളിൽ പങ്കെടുത്ത ഫിദ 2018-19ലും, 2020-24ലും വെങ്കലമെഡലും നേടിയെടുത്തു. 2018-19ലെ വെങ്കലം സ്കൂൾ കരാട്ടെയിൽ കേരളത്തിന് ചരിത്രത്തിലാദ്യമായി കിട്ടിയ മെഡലായിരുന്നു. ചേച്ചിയുടെ ഈ നേട്ടങ്ങൾ പ്രചോദനമാക്കി കളത്തിലിറങ്ങിയ ഫെമിദ ദേശീയ മേളയിൽ വെള്ളി നേടി.
കാരാട്ടെയ്ക്ക് പുറമേ ഫിദ ഭാരോദ്വഹനത്തിലും ഫെമിദ ഖോ-ഖോയിലും നാടിന്റെ അഭിമാന താരങ്ങളാണ്. സംസ്ഥാന ഭാരോദ്വഹന മത്സരത്തിലെ വെള്ളിമെഡൽ ജേതാവാണ് ഫിദ. ഫെമിദ ദേശീയ ഖോ-ഖോ താരവുമാണ്. ആറ്റിങ്ങൽ സ്വാസ്ഥ്യ ഫിറ്റ്‌നസ് സെന്ററിലെ സമ്പത്ത്, അമൽ എന്നിവരുടെ കീഴിലാണ് പരിശീലനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |