സൂര്യ പുരസ്കാരം നേടുന്നത് തുടർച്ചയായ രണ്ടാം തവണ
ദുബായ് : ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി-20യിലെ പോയവർഷത്തെ ഏറ്റവും മികച്ച കളിക്കാരനായി ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം വർഷമാണ് സൂര്യ ഈ നേട്ടത്തിന് അർഹനാകുന്നത്.
2023ൽ 17 ട്വന്റി-20 ഇന്നിംഗ്സുകളിൽ നിന്ന് 48.86 ശരാശരിയിൽ രണ്ട് സെഞ്ച്വറികളും നാല് അർദ്ധ സെഞ്ചുറികളുമടക്കം 733 റൺസാണ് സൂര്യ അടിച്ചുകൂട്ടിയത്. 155.95 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സ്‌കോറിംഗ്. ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പരകളിൽ ഇന്ത്യൻ ക്യാപ്ടൻ സ്ഥാനവും ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷത്തെ ഐ.സി.സിയുടെ ട്വന്റി-20 ടീമിന്റെ ക്യാപ്ടനായി തിരഞ്ഞെടുത്തതും സൂര്യകുമാറിനയായിരുന്നു.
കരിയറിലാകെ 60 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 45.55 ശരാശരിയിൽ 2141 റൺസാണ് സൂര്യയുടെ സമ്പാദ്യം. നാല് സെഞ്ച്വറികളും 17 അർദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |