ഇന്ത്യ - ഇംഗ്ളണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മുതൽ റാഞ്ചിയിൽ
ഇന്ത്യൻ ടീമിൽ ബുംറയും രാഹുലുമില്ല
റാഞ്ചി : പരമ്പര പിടിക്കാൻ ഇനിയും കളി ബാക്കിയുണ്ടെന്നാണ് ഇംഗ്ളണ്ട് ക്യാപ്ടൻ ബെൻ സ്റ്റോക്സിന്റെ അവകാശവാദം. എന്നാൽ ആദ്യ ടെസ്റ്റിലെ തോൽവിയൊക്കെ പഴങ്കഥയായി മാറിക്കഴിഞ്ഞെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. നാളെ ഇന്ത്യയും ഇംഗ്ളണ്ടും നാളെ നാലാം ടെസ്റ്റിനായി ധോണിയുടെ നാട്ടിലിറങ്ങുമ്പോൾ അഞ്ചു മത്സരപരമ്പര ആരു നേടുമെന്നതുതന്നെയാണ് ചോദ്യം.
ആദ്യ മത്സരത്തിൽ അപ്രതീക്ഷിത വിജയം നേടിയ ഇംഗ്ളണ്ടിനെ അടുത്ത രണ്ട് മത്സരങ്ങളിലും അസ്സലായി തോൽപ്പിച്ച് ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലാണ്. എന്നാൽ ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ച് 3-2ന്പരമ്പരയും കൊണ്ട് പോകുമെന്നാണ് ഇംഗ്ളണ്ട് ക്യാപ്ടൻ ബെൻ സ്റ്റോക്സ് അവകാശപ്പെടുന്നത്. കണക്കുപുസ്തകത്തിൽ അങ്ങനെയൊരു സാദ്ധ്യതയുണ്ടെങ്കിലും ഇപ്പോഴത്തെ ഇംഗ്ളീഷ് ടീമിന്റെ പ്രകടനം പ്രതീക്ഷയ്ക്ക് വക നൽകുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്. സ്റ്റോക്സ് അടക്കമുള്ള സീനിയർ താരങ്ങളുടെ പ്രകടനം മെച്ചപ്പെട്ടാലേ ഇനിയുള്ള രണ്ട് മത്സരങ്ങളിൽ സന്ദർശകർക്ക് എന്തെങ്കിലും ചെയ്യാനാകൂ. അവസാന രണ്ടു ടെസ്റ്റുകളിൽ ഒന്നെങ്കിലും ജയിച്ചില്ലെങ്കിൽ ഇംഗ്ളണ്ടിന് പരമ്പര സമനിലയിലാക്കാൻ പോലുമാവില്ല. ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോണി ബെയർ സ്റ്റോ തുടങ്ങിയ സീനിയർ താരങ്ങൾക്ക് ഫോം കണ്ടെത്താനാകാത്തത് വലിയ തിരിച്ചടിയാണ്.
ഇംഗ്ളണ്ടിന്റെ ബസ്ബാൾ തന്ത്രത്തെ അതേ നാണയത്തിൽ തിരിച്ചടി നൽകി ഒതുക്കാനായി എന്നതാണ് കഴിഞ്ഞ രണ്ട് വിജയങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച ആശ്വാസം. സീനിയർ താരങ്ങളായ വിരാട് കൊഹ്‌ലി, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ അഭാവത്തിൽ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്നവരുടെ ഒരു നിര രോഹിതിനൊപ്പമുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇരട്ട സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളും അരങ്ങേറ്റം അർദ്ധസെഞ്ച്വറികൾകൊണ്ട് ആഘോഷമാക്കിയ സർഫ്രാസ് ഖാനുമൊക്കെ രോഹിതിന്റെ കുന്തമുനകളായി മാറിക്കഴിഞ്ഞു.
പരമ്പരയിൽ മികച്ച പ്രകടനം നടത്തിവരുന്ന ജസ്പ്രീത് ബുംറയ്ക്ക് ഈ മത്സരത്തിൽ വിശ്രമം അനുവദിക്കും. പരിക്കിൽ നിന്ന് പൂർണമോചിതനാകാത്ത കെ.എൽ രാഹുലും റാഞ്ചിയിൽ കളിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |