ബാസൽ : ചെസ് ബോർഡിൽ അപ്പുറമിരിക്കുന്നത് ഗ്രാൻഡ് മാസ്റ്ററാണെന്നോ അഞ്ചിരട്ടിയോളം പ്രായമുള്ള ആളാണെന്നോ ഗൗനിച്ചില്ല എട്ടു വയസുകാരൻ അശ്വന്ത് കൗശിക്. ഇന്ത്യൻ വംശജനായ സിംഗപ്പൂർ താരം അശ്വന്ത്
സ്വിറ്റ്സർലാൻഡിൽ നടന്ന ബർഗ്ഡോർഫർ സ്റ്റാഡ്തോസ് ഓപ്പൺ ചെസ് ടൂർണമെന്റിൽ പോളിഷ് ഗ്രാൻഡ് മാസ്റ്റർ ജാസെക് സ്റ്റോപ്പയെ അട്ടിമറിച്ച് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.
ക്ളാസിക്കൽ ചെസ് ഫോർമാറ്റിൽ ഗ്രാൻഡ് മാസ്റ്റർക്കെതിരെ വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് റെക്കാഡ് സൃഷ്ടിച്ചത്. തന്നേക്കാൾ അഞ്ചുമാസം മുതിർന്ന സെർബിയയുടെ ലിയോനിഡ് ഇവാനോവിച്ച് കുറച്ചുദിവസം മുമ്പ് ബെൽഗ്രേഡ് ഓപ്പണിൽ 60കാരനായ ബൾഗേറിയൻ ഗ്രാൻഡ് മാസ്റ്റർ മിൽക്കോ പോപ്ചേവിനെ തോൽപ്പിച്ച റെക്കാഡാണ് അശ്വന്ത് മറികടന്നത്.
2017ൽ ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് കുടിയേറിയ ശ്രീറാം കൗശിക്കിന്റെ മകനാണ് അശ്വന്ത്. പസിലുകൾ കൂട്ടിച്ചേർക്കുന്നതിലെ വേഗം കണ്ടറിഞ്ഞാണ് പിതാവ് മകനെ ചെസിലേക്ക് കൈപിടിച്ചു നടത്തിയത്. 2022ൽ ഈസ്റ്റേൺ ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ ക്ളാസിക്ക്, റാപ്പിഡ്,ബ്ളിറ്റ്സ് എന്നിങ്ങനെ മൂന്ന് ഫോർമാറ്റുകളിലും ചാമ്പ്യനായി. ഫിഡെ റാങ്കിംഗിൽ 37338-ാം സ്ഥാനത്താണിപ്പോൾ . ഫിഡെയുടെ യംഗ്സ്റ്റേഴ്സ് ലോകകപ്പിൽ കിരീടം നേടുകയാണ് അടുത്ത ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |