ടൊറന്റോ : കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന്റെ ആറാം റൗണ്ടിൽ വിജയം നേടി ഇന്ത്യൻ താരങ്ങളായ വിദിത്ത് ഗുജറാത്തിയും പ്രഗ്നാനന്ദയും. ആറാം റൗണ്ടിൽ സമനിലയിൽ പിരിഞ്ഞെങ്കിലും മറ്റൊരു ഇന്ത്യൻ താരം ഡി.ഗുകേഷ് നിപ്പോംനിയാംഷിക്കൊപ്പം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
അസർബൈജാന്റെ നിദാത്ത് അബാസോവിനെയാണ് ആറാം റൗണ്ടിൽ പ്രഗ്നാനന്ദ കീഴടക്കിയത്. കഴിഞ്ഞ ദിവസം ഗുകേഷിനോടും അബാസോവ് തോറ്റിരുന്നു. വിദിത്ത് ഗുജറാത്തി ഫ്രഞ്ച്താരം അലിറേസ ഫിറോസയെയാണ് മറികടന്നത്. ഗുകേഷ് അമേരിക്കൻ താരം ഹിക്കാരു നക്കാമുറയോടാണ് സമനില സമ്മതിച്ചത്. കഴിഞ്ഞ കാൻഡിഡേറ്റ്സ് വിന്നറായ നിപ്പോംനിയാംഷിയും ആറാം റൗണ്ടിൽ സമനില വഴങ്ങിയതോടെയാണ് ഗുകേഷിന് ജോയിന്റ് ലീഡ് തുടരാനായത്. ഫാബിയോ കരുവാനയോട് സമനില സമ്മതിച്ച നിപ്പോംനിയാംഷിക്കും ഗുകേഷിനും നാലുപോയിന്റ് വീതമാണുള്ളത്. 3.5 പോയിന്റ് വീതമാണ് പ്രഗ്നാനന്ദയ്ക്കും കരുവാനയ്ക്കുമുള്ളത്. വിദിത്ത് ഗുജറാത്തിക്ക് മൂന്ന് പോയിന്റായി.
വനിതകളിൽ ആറാം റൗണ്ട് മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങളായ ആർ.വൈശാലിയും കൊനേരു ഹംപിയും തോൽവി വഴങ്ങി. ഏഴാം റൗണ്ട് മത്സരങ്ങളിൽ പ്രഗ്നാനന്ദ കരുവാനയേയും വിദിത്ത് അബാസോവിനെയും ഗുകേഷ് അലിറേസയേയും നേരിടും.വൈശാലിക്ക് ലേയ് ടിൻജീയും ഹംപിക്ക് അന്ന മ്യൂസിചുക്കുമാണ് എതിരാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |